ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന പാക്കിസ്ഥാനില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.
വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം മരുന്നുകളോ മരുന്ന് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളോ ഇറക്കുമതി ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല. ഇതോടെ രാജ്യത്തെ മരുന്നുത്പാദനം ഗണ്യമായി കുറഞ്ഞു. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടതായ ഗുരുതര സ്ഥിതിയിലാണ് രാജ്യത്തെ ആരോഗ്യ മേഖലയെന്നും പാക്കിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു.
അടുത്ത രണ്ടാഴ്ചത്തേക്ക് കൂടിയുള്ള അനസ്‌തേഷ്യ മരുന്നുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതോടെ ഹൃദയ, അര്‍ബുദ, വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശസ്‌ക്രിയകള്‍ മുടങ്ങിയേക്കുമെന്ന ആശങ്കയിലാണ്.
രാജ്യത്തെ ധനകാര്യ സംവിധാനത്തിന്റെ പിടിപ്പുകേടാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് മരുന്ന് നിര്‍മാതാക്കളുടെ ആരോപണം. ഇറക്കുമതികള്‍ക്കായി പുതിയ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വാണിജ്യ ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നും മരുന്ന് നിര്‍മാണക്കമ്പനികള്‍ പറയുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് പാകിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ മരുന്ന് നിര്‍മാണ മേഖല പ്രധാനമായും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. 95 ശതമാനത്തോളം അസംസ്‌കൃത വസ്തുക്കളും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇറക്കുമതി ചെയ്ത അസംസ്‌കൃതവസ്തുക്കള്‍ ബാങ്കിങ് മേഖലയില്‍ ഡോളറിന്റെ ദൗര്‍ലഭ്യം മൂലം കറാച്ചി വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുകയാണ്.
സാധാരണയായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും ബാധിക്കപ്പെട്ടിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. പനഡോള്‍, ഇന്‍സുലിന്‍, ബ്രൂഫന്‍, ഡിസ്പിരിന്‍, കാല്‍പോള്‍, ടെഗ്രാല്‍, ഹെപാമെര്‍സ്, ബസ്‌കോപാന്‍, റിവോട്രില്‍ തുടങ്ങി നിരവധി ഉപഭോഗം കൂടുതലുള്ള മരുന്നുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.