ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷ പ്രഘോഷണത്തിനും മതബോധനത്തിനും നിയന്ത്രണങ്ങളുമായി ചൈന

ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷ പ്രഘോഷണത്തിനും മതബോധനത്തിനും നിയന്ത്രണങ്ങളുമായി ചൈന

ബീജിങ്: കത്തോലിക്ക പുരോഹിതരും മറ്റു മതനേതാക്കളും ഇന്റർനെറ്റിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതും മതപഠനങ്ങൾ നടത്തുന്നതും കർശനമായി നിയന്ത്രിച്ച് ചൈന. “ഇന്റർനെറ്റിൽ മത പുരോഹിതരുടെ പെരുമാറ്റച്ചട്ടങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് 18 വകുപ്പുകളടങ്ങിയ നിയമം വിശദീകരിക്കുന്നത്.

കുട്ടികളോട് ഓൺലൈനിലൂടെ മതപഠനം നടത്തുകയോ ക്യാമ്പുകൾ സംഘടിപ്പിക്കുകയോ ചെയ്യാൻ അനുവദനീയമല്ല. മതപരമായ ധനശേഖരണം ഓൺലൈനിലൂടെ നടത്തുന്നതും വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ അംഗീകാരം ലഭിച്ച രജിസ്റ്റർ ചെയ്ത മതസംഘടനകൾ, സ്കൂളുകൾ, ദേവാലയങ്ങൾ നടത്തുന്ന വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഫോറങ്ങൾ മുതലായ നിയമാനുസൃത പ്ലാറ്റ്ഫോമുകളിൽ പരിമിതമായ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കും.

എല്ലാ മത അധ്യാപകരും ഉദ്യോഗസ്ഥരും മാതൃരാജ്യത്തെ സ്‌നേഹിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ പിന്തുണയ്ക്കുക, സോഷ്യലിസ്റ്റ് വ്യവസ്ഥയെ പിന്തുണയ്ക്കുക, ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നിവ പ്രകടമാക്കുന്ന ഓണ്‍ലൈന്‍ പെരുമാറ്റ മാതൃകകള്‍ പിന്തുടരണമെന്നും പുതിയ പെരുമാറ്റച്ചട്ടം ആവശ്യപ്പെടുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ വളരെക്കാലമായി വിലക്കിയിട്ടുണ്ടെങ്കിലും ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ മതപരമായ ആവശ്യങ്ങള്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നതുപോലും തടയുന്നു.

മതപരമായ ഓണ്‍ലൈന്‍ തത്സമയ സംപ്രേക്ഷണങ്ങള്‍, ഹ്രസ്വ വീഡിയോകള്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ എന്നിവ നിരോധിക്കുക കൂടെ ചെയ്യുന്നതിലൂടെ മത ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ആരാധന, കുര്‍ബാന എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം വിശ്വാസികള്‍ക്ക് ചൈനയില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

കൂടാതെ ഇന്റര്‍നെറ്റ് വഴി മതപരമായ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനോ അയയ്ക്കാനോ കഴിയാത്ത സാഹചര്യത്തില്‍ കടുത്ത മതനിരാസ നയത്തിലേക്കാണ് ചൈന നീങ്ങുന്നത്.

ചൈനയില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോങ്കോംഗ്, മക്കാവു, തായ്വാന്‍, തുടങ്ങിയ രാജ്യങ്ങളിലെ മതനേതാക്കള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാവും. ഇമെയില്‍ ഉള്‍പ്പടെയുള്ള എല്ലാ ഓണ്‍ലൈന്‍ ആശയ വിനിമയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

മതപ്രവർത്തനങ്ങളെ കർശനമായി നിയന്ത്രിക്കാനുള്ള ചൈനീസ് സർക്കാരിന്റെ തുടർച്ചയായ നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം വരുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.