ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന് വീണ്ടും ട്രംപ്.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം വട്ടം അധികാരം ഏറ്റെടുത്ത ശേഷം തന്റെ ഇടപെടലില്‍ ഏഴ് യുദ്ധങ്ങളാണ് ഒഴിവായതെന്ന് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് താന്‍ അര്‍ഹനാണെന്നും അദേഹം അവകാശപ്പെട്ടു.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്നും അതിനിടെ ട്രംപ് ആവര്‍ത്തിച്ചു. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളുമായുളള വ്യാപാര ബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അദേഹം വ്യക്തമാക്കി. വെടി നിര്‍ത്തലിന് ട്രംപിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടും ട്രംപ് വിടുന്ന ലക്ഷണമില്ല.
'ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യമെടുക്കൂ. നിങ്ങള്‍ക്കറിയാം ഞാന്‍ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാര ബന്ധം ഉപയോഗിച്ചാണ് ഞാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത്. അവര്‍ക്ക് വ്യാപാരം തുടര്‍ന്നു കൊണ്ടുപോകുന്നതില്‍ താല്‍പര്യമുണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്.
സമാന രീതിയില്‍ തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാന്‍ഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും അവസാനിപ്പിച്ചു. അതില്‍ 60 ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചത് അതാത് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായുള്ള വ്യാപാര ബന്ധം മൂലമാണ്'- ട്രംപ് അവകാശപ്പെട്ടു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. അവരോട് തന്റെ ഇടപെടലില്‍ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളതെന്നും അദേഹം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതും അവസാനപ്പിക്കും. ആഗോളതലത്തില്‍ തന്നെ, മറ്റു രാജ്യങ്ങളുടെ ബഹുമാനം നേടിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അമേരിക്ക കാഴ്ച വെയ്ക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.