'രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കരുത്': സ്ഥലനാമം മാറ്റ ഹര്‍ജിയില്‍ സുപ്രീം കോടതി

'രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കരുത്': സ്ഥലനാമം മാറ്റ ഹര്‍ജിയില്‍ സുപ്രീം കോടതി

ന്യൂഡൽഹി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി രൂക്ഷ വിമർശനത്തോടെ സുപ്രീം കോടതി തള്ളി. ഒരു പ്രത്യേക മതത്തെ ഉന്നംവച്ച് സ്ഥലങ്ങളുടെയും റോഡുകളുടെയും പേരുകൾ മാറ്റണമെന്ന ആവശ്യത്തെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, രാജ്യം വിദ്വേഷംകൊണ്ട് തിളച്ച് മറിയാനാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു.

അധിനിവേശത്തിന്റെ കഥകൾ മാന്തിയെടുത്ത് ഭൂതകാലത്തിന്റെ തടവറയിൽ രാജ്യത്തെയും വരും തലമുറയെയും തളച്ചിടാനാവില്ലെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് ഹർജിക്കാരൻ പിന്തുടരുന്നതെന്ന് ജസ്റ്റിസ് നാഗരത്ന തുറന്നടിച്ചു. 

ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും റോഡുകൾക്കും പുരാതന ഹൈന്ദവ പേരുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം പുനർനാമകരണ കമ്മിഷൻ രൂപീകരിക്കണമെന്നതായിരുന്നു ഹർജിക്കാരനായ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി ഉപാദ്ധ്യായയുടെ ആവശ്യം. ഇതിനായി കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ അപേക്ഷിച്ചത്. 

രാജ്യത്ത് നശീകരണമുണ്ടാക്കാനുളള ഉപകരണമായി സുപ്രീംകോടതിക്ക് മാറാൻ കഴിയില്ലെന്ന് ജസ്റ്റിസുമാർ തറപ്പിച്ച് പറഞ്ഞു. അനൈക്യം സൃഷ്‌ടിക്കരുത്. രാജ്യത്ത് വേറെ പ്രശ്‌നങ്ങളില്ലേയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഹർജി തള്ളിയ സുപ്രീംകോടതി, ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെയോ മറ്റേതെങ്കിലും അധികാരികളെയോ സമീപിക്കാൻ അനുമതിയും നിഷേധിച്ചു.

നിയമവാഴ്‌ച,​ മതേതരത്വം,​ ഭരണഘടന എന്നിവയുമായിട്ടാണ് ഇന്ത്യ ബന്ധിതമായിരിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഇന്നലെകൾക്ക് ഇന്നത്തെയും നാളെത്തെയും തലമുറകളെ വേട്ടയാടാൻ കഴിയില്ല. അങ്ങനെ സംഭവിച്ചാൽ പിന്നീടുളള തലമുറകൾ ഭൂതകാലത്തിന്റെ തടവുകാരായി മാറുമെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.