ചാലക്കുടി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഭരണ സമിതിയും ചേര്‍ന്ന് തട്ടിയത് 20 കോടി; പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നാരോപണം

ചാലക്കുടി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഭരണ സമിതിയും ചേര്‍ന്ന് തട്ടിയത് 20 കോടി; പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നാരോപണം

തൃശൂര്‍: ചാലക്കുടി കോ ഓപ്പറേറ്റീവ് ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവെന്ന് ആക്ഷേപം. വ്യാജരേഖ ചമച്ചും ബന്ധുക്കളുടെ പേരില്‍ ഈടില്ലാതെ വായ്പയെടുത്തും 20 കോടിയിലേറെയാണ് മുന്‍പ്രസിഡന്റ് പി.പി പോളിന്റെ നേതൃത്വത്തില്‍ തട്ടിയത്.

സിപിഎം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാര്‍ട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികള്‍ ഈഴയുന്നതെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. 2001 ലാണ് ചാലക്കുടി അര്‍ബന്‍ കോപറേറ്റീവ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. സിഎംപി പ്രാദേശിക നേതാവും ഇപ്പോള്‍ സിപിഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗവുമായ പി.പി പോളായിരുന്നു പതിമൂന്നു കൊല്ലം പ്രസിഡന്റായിരുന്നത്. പ്രസിഡന്റും ഭരണ സമിതിയും ചേര്‍ന്നായിരുന്നു തട്ടിപ്പിന്റെ ആസൂത്രണം.

നൂറിലേറെ നിക്ഷേപകര്‍ക്ക് ഇനിയും നല്‍കാനുണ്ട് പത്തുകോടിയോളം രൂപ. ചിട്ടി പിടിച്ചും വരുമാനത്തില്‍ നിന്ന് മിച്ചം സൂക്ഷിച്ചും ബാങ്കിനെ വിശ്വസിച്ച് ഏല്‍പ്പിച്ചവരുടെ ലക്ഷങ്ങളാണ് തിരികെ കിട്ടുമോ എന്നുപോലും അറിയാതെ കിടക്കുന്നത്.

സഹകരണ ഓഡിറ്റില്‍ കണ്ടെത്തിയ തട്ടിപ്പുകള്‍ ഇങ്ങനെയാണ്. ഈടില്ലാതേയും ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലും ഭരണസമിതി അംഗങ്ങളും ബന്ധുക്കളും വായ്പ വാങ്ങി. പി.പി.പോളിന്റെ ഭാര്യ ബൈജി പോളിന്റെ പേരില്‍ ഈടില്ലാതെ ഒന്നരകോടി രൂപ വായ്പ എടുത്തു. പിപി പോള്‍ തന്നെ പ്രസിഡന്റായ ചാലക്കുടി ബ്ലോക്ക് മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന് സ്വന്തം ജാമ്യത്തില്‍ വായ്പ നല്‍കിയത് ഏഴ് ലക്ഷം രൂപയായിരുന്നു. പോളി പുല്ലന്‍ എന്ന പേരില്‍ പി.പി പോള്‍ ഒന്നരക്കോടിയ്ക്ക് ഓവര്‍ ഡ്രാഫ്റ്റും തരപ്പെടുത്തി. പോള്‍ മാത്രമല്ല ബാങ്കിലെ പ്രധാനികളെല്ലാം തങ്ങളാലാവും വിധം തട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. ബാങ്ക് എംഡി ആയിരുന്ന വി.എ വര്‍ഗീസ് സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒഡി എടുത്തത് ഒന്നര കോടി രൂപ.

പോളിനെ പ്രതിചേര്‍ത്ത് പൊലീസ് കെസെടുത്തെങ്കിലും നഷ്ടപ്പെട്ട പണം തിരികെപ്പിടിക്കാന്‍ എടുത്ത നടപടികള്‍ പര്യാപ്തമല്ല എന്നാണ് ആരോപണം. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയില്‍ ആണ്. ഇപ്പോഴത്തെ ഭരണ സമിതി പക്ഷെ ഇക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ലെന്നാണ് പറയുന്നത്. പരമാവധി പേര്‍ക്ക് പണം തിരികെ നല്‍കിയെന്നാണ് പോളിന് പറയാനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.