റിയാദ്: പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം രചിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമ സേനയുടെ എട്ട് യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിൽ എത്തി. 145 വ്യോമ സൈനികർ, അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവയുമാണ് റോയൽ സൗദി എയർ ഫോഴ്സ് റിയാദ് ബേസിൽ ഇറങ്ങിയത്. ഒരു ദിവസം ഇവിടെ തങ്ങിയ ശേഷം യുദ്ധ വിമാനങ്ങൾ മടങ്ങി.
സൈനിക വ്യൂഹത്തെ റോയൽ സൗദി എയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും മറ്റ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഒരു ദിനം പൂർണമായും സൗദിയിൽ ചെലവഴിച്ച ശേഷം പിറ്റേന്ന് സംഘം നടക്കാനിരിക്കുന്ന കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടനിലേക്ക് പുറപ്പെട്ടു.
സ്വീകരണ യോഗത്തിൽ വ്യോമ സൈനികരെ അഭിസംബോധന ചെയ്ത അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്ന് വരുന്ന ബന്ധത്തെ കുറിച്ച് എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റവും നല്ല നയതന്ത്ര ബന്ധമാണുള്ളതെന്നും സൈനിക നയതന്ത്ര രംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമ സേന കമാൻഡറും റോയൽ സൗദി എയർ ഫോഴ്സ് ബേസ് കമാൻഡറും അംബാസഡറും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തുകയും ശേഷം ഇരുകൂട്ടരും ഫലകങ്ങൾ സമ്മാനിക്കുകയും ചെയ്തു.
വൈകീട്ട് ഇന്ത്യ എംബസി ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ സൈനികരുമായി അംബാസഡർ അനൗപചാരിക ആശയവിനിമയവും നടത്തി. സംഘാംഗങ്ങൾ അവരുടെ പ്രവർത്തന അനുഭവങ്ങളും വരാനിരിക്കുന്ന സൈനീകാഭ്യാസത്തിന്റെ ആസൂത്രണത്തെ കുറിച്ചുള്ള വിവരങ്ങളും അംബാസഡറോട് പങ്കുവെച്ചു.
ഈ സൈനികരിലെ നിരവധി പേർ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ദുരന്തത്തിൽ ഇന്ത്യ നടത്തിയ ‘ഓപറേഷൻ ദോസ്ത്’ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ആ അനുഭവങ്ങളാണ് അവർ അംബാസഡറോട് പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ സൗദിയിൽ നിന്ന് ഒരു വലിയ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.