ബുച്ചാറെസ്റ്റ്: റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനും ഫാഗറസ്–ആൽബ യൂലിയ ആർച്ച് ബിഷപ്പുമായ കർദിനാൾ ലൂസിയൻ മുറേസൻ (94) ദിവംഗതനായി. കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ പീഡനങ്ങൾക്കിടയിലും അചഞ്ചലമായ വിശ്വാസത്തോടും സമർപ്പണത്തോടും കൂടെ സഭയെ നയിച്ച ധീര നേതാവായിരുന്ന കർദിനാളിന്റെ വേർപാടിൽ ലിയോ പാപ്പ അനുശോചനം രേഖപ്പെടുത്തി. “പരീക്ഷണങ്ങളാൽ നിറഞ്ഞ ജീവിതത്തിലും സഭയ്‌ക്ക് വിശ്വസ്തനായി നിന്ന വിശ്വാസത്തിന്റെ ദാസൻ” എന്നാണ് പാപ്പ അനുശോചന സന്ദേശത്തിൽ കർദിനാളിനെ വിശേഷിപ്പിച്ചത്.
1931 മേയ് 23-ന് റൊമാനിയയിലെ ഫിരിസ ഗ്രാമത്തിലാണ് ലൂസിയൻ മുറേസൻ ജനിച്ചത്. പീറ്റർ–മരിയ (ബ്രെബാൻ) ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ പത്താമനായിരുന്നു അദേഹം. 1938 മുതൽ 1944 വരെ ഫിരിസ പ്രൈമറി സ്കൂളിലും 1944 മുതൽ 1948 വരെ ബയ മാരെയിലെ ഗിയോർഗെ സിങ്കായ് ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1955-ൽ ആൽബ യൂലിയയിലെ ലാറ്റിൻ സെമിനാരിയിൽ ദൈവശാസ്ത്ര പഠനത്തിന് ചേർന്നെങ്കിലും കമ്മ്യൂണിസ്റ്റ് അധികാരികൾ ബിഷപ്പിനെ പുറത്താക്കി.
പീഡനങ്ങളോട് വഴങ്ങാതെ കർദിനാൾ രഹസ്യമായി ദൈവശാസ്ത്ര പഠനം തുടർന്നു. പകൽ റോഡ്-പാലം അറ്റകുറ്റപ്പണികളിൽ ജോലി ചെയ്ത് ഉപജീവനം നടത്തി. രാത്രി പഠനം തുടർന്നു. 1964 ഡിസംബർ ക്ലൂജിലെ ഒരു കെട്ടിടത്തിൽ വെച്ച് രഹസ്യമായി തിരുപ്പട്ടം സ്വീകരിച്ചു. പതിറ്റാണ്ടുകളോളം തന്റെ ശുശ്രൂഷ രഹസ്യമായി നിർവഹിച്ച ബിഷപ്പ് 1989-ൽ കമ്മ്യൂണിസം തകർന്നതോടെ സഭയുടെ പുനരുജ്ജീവനത്തിനായി തുറന്ന വേദികളിൽ പ്രവർത്തിച്ചു.
1994-ൽ ഫാഗറസ്–ആൽബ യൂലിയ ആർച്ച് ബിഷപ്പായി നിയമിതനായി. സഭയുടെ വീണ്ടെടുപ്പിനും വളർച്ചയ്ക്കും നൽകിയ സമർപ്പണം കണക്കിലെടുത്ത് 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മേജർ ആർച്ച് ബിഷപ്പായി ഉയർത്തി. പിന്നീട് 2012 ഫെബ്രുവരി 18-ന് ബെനഡിക്ട് പതിനാറാമൻ തന്നെ കർദിനാൾ പദവിയിലേക്കും ഉയർത്തി. റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയിൽ കർദിനാളാകുന്ന മൂന്നാമത്തെ നേതാവായിരുന്നു ലൂസിയൻ മുറേസൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.