തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍ പട്ടിക പുതുക്കാന്‍ തീരുമാനം. ഇതിനുള്ള കരട് വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കും.
2025 സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതിന് പുറമെ 2087 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.
കരട് വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും ലഭിക്കും. ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കൂടാതെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാന മാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാം.
941 ഗ്രാമ പഞ്ചായത്തുകളിലെ 17337 നിയോജക മണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തിയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്. സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട 2,83,12,458 വോട്ടര്‍മാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന എല്ലാ വോട്ടര്‍മാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും.
വോട്ടര്‍മാരില്‍ ചിലര്‍ക്ക് അവര്‍ നല്‍കിയത് പ്രകാരമുളള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (EPIC Number), 2015 മുതല്‍ വോട്ടര്‍മാരായവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ നമ്പര്‍, മറ്റുള്ളവര്‍ക്ക് തിരിച്ചറിയല്‍ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേര്‍ന്നതാണ് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍.
തദ്ദേശസ്ഥാപന വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും വോട്ടര്‍മാര്‍ ഈ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.