ബംഗ്ലാദേശില്‍ നിന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കുടിയൊഴിപ്പിച്ചു; തെരുവിലെറിയപ്പെട്ടത് ഇന്ത്യയില്‍ നിന്നെത്തിയ തെലുങ്ക് ക്രൈസ്തവര്‍

ബംഗ്ലാദേശില്‍ നിന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കുടിയൊഴിപ്പിച്ചു; തെരുവിലെറിയപ്പെട്ടത് ഇന്ത്യയില്‍ നിന്നെത്തിയ തെലുങ്ക് ക്രൈസ്തവര്‍

തലേന്ന് വാക്കാലുള്ള അറിയിപ്പ് നല്‍കുകയും പിറ്റേന്ന് കുടിയിറക്കുകയുമായിരുന്നു.

ധാക്ക: ബംഗ്ലാദേശിലെ ധാക്ക സൗത്ത് മേഖലയില്‍ നിന്ന് ആയിരക്കണക്കിന് തെലുങ്ക് ക്രൈസ്തവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ജത്രബാരി ജില്ലയിലെ ധോല്‍പൂരിലുള്ള ക്രൈസ്തവരാണ് കോര്‍പ്പറേഷന്‍ കുടിയൊഴിപ്പിച്ചതിനെ തുടര്‍ന്ന് ഭവന രഹിതരായത്. കാത്തലിക് ചര്‍ച്ച്, ഗോല്‍ഗോത്ത ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ജോര്‍ദ്ദാന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭാ വിഭാഗങ്ങളില്‍ പെട്ടവരാണ് ഈ ജില്ലയിലുള്ള ക്രൈസ്തവര്‍.

തലേന്ന് വാക്കാലുള്ള അറിയിപ്പ് നല്‍കുകയും പിറ്റേന്ന് കുടിയിറക്കുകയുമായിരുന്നു. 'ഞങ്ങള്‍ക്ക് വീടും ആരാധനാലയവും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ദിവസേനയും ഞായറാഴ്ചയും ആരാധനകള്‍ നടത്താന്‍ കഴിയില്ല. ഒരു പാസ്റ്റര്‍ എന്ന നിലയില്‍ ഇത് എനിക്ക് വളരെ വേദനാജനകമാണ്' ഗോല്‍ഗോത്ത ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ റവ. ദാസ് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ധോല്‍പൂരിലെ തെലുങ്ക് സമൂഹത്തെ നീക്കം ചെയ്യുന്നതെന്ന് റവ. ദാസ് വെളിപ്പെടുത്തുന്നു.

1836 നും 1850 നുമിടയില്‍ 40 തെലുങ്ക് കുടുംബങ്ങളെ ബ്രിട്ടീഷുകാര്‍ ആന്ധ്രാപ്രദേശില്‍ നിന്ന് ധാക്കയിലേക്ക് ശുചിത്വ തൊഴിലാളികളായി കൊണ്ടുവന്നിരുന്നു. അവരുടെ തലമുറകളാണ് ഇപ്പോള്‍ ഇവിടെ ക്രിസ്ത്യാനികളായി ഉള്ളതും ആ ജോലി തുടരുന്നതും. 1990 ല്‍ സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചെങ്കിലും ഇപ്പോള്‍ ഇവരോട് ഇവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്.

'ഇപ്പോള്‍ ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണ്. അന്തസോടെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. സമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കണം. കാരണം ഇവിടുത്തെ സര്‍ക്കാരാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. ഇവിടെയുള്ളവര്‍ക്ക് വെള്ളവും ഗ്യാസും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. മലിനജലത്താല്‍ ചുറ്റപ്പെട്ട ഇടങ്ങളിലാണ് ഇവര്‍ ജീവിക്കുന്നത്' - ഒരു ഇടവക വൈദികന്‍ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.