ടെഹ്റാന്‍: ദുരൂഹമായ വിഷബാധയേറ്റ് ഇറാനില്‍ വീണ്ടും ഡസന്‍ കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ടെഹ്റാന്‍ പ്രവിശ്യയിലെ പാര്‍ഡിസ് നഗരത്തിലെ ഖയ്യാം ഗേള്‍സ് സ്‌കൂളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റത്. 35 ഓളം കുട്ടികളെ ആശുപ്രതിയിലേക്ക് മാറ്റിയതായി പ്രാദേശിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള ക്വാം നഗരത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നൂറുകണക്കിന് കുട്ടികളെയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പിന്നിലെന്ന് സംശയിക്കുന്നതായി ഇറാന്റെ ആരോഗ്യ ഉപമന്ത്രി യൂനെസ് പാനാഹി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടുമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞയാഴ്ച ഇറാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി ഉത്തരവിട്ടിരുന്നു.
ഞായറാഴ്ച, ബോറുജെര്‍ഡിലെ ഒരു ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളെ സമാനമായ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ സംഭവമാണിത്. സംശയാസ്പദമായ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പാര്‍ലമെന്റ് ആരോഗ്യമന്ത്രി ബഹ്‌റാം ഐനോല്ലാഹിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു.
ക്വാമിലും ബോറുജെര്‍ഡിലും വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റതാണെന്ന് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചതായി ഇറാനിയന്‍ വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. വിഷബാധയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഓര്‍ഗാനോഫോസ്ഫൈറ്റ് എന്ന വിഷവാതകമുപയോഗിച്ചാണ് കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണമെന്നാണ് അനുമാനം. വിഷബാധയേറ്റ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗം പേര്‍ക്കും കടുത്ത വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം, ഹൈപ്പര്‍മോട്ടിലിറ്റി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായും കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടറെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
22കാരിയായ മഹ്സ അമിനിയുടെ പൊലീസ് കസ്റ്റഡി മരണത്തില്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഞെട്ടിക്കുന്ന ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.