ഇ പി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണായ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്; ഇഡിയും അന്വേഷണം ആരംഭിച്ചു

ഇ പി ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണായ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്; ഇഡിയും അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇന്ന് ഉച്ചയ്ക്കാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി റിസോര്‍ട്ടില്‍ എത്തിയത്. ഇ.പിയുടെ മകനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്റെ പരാതിയിലാണ് ഇ.ഡി അന്വേഷണം. ഇ.ഡി കൊച്ചി യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്.

റിസോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. പരിശോധനയെക്കുറിച്ച് റിസോര്‍ട്ട് അധികൃതരും പ്രതികരിച്ചിട്ടില്ല. ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജനെതിരെ അനധിതൃത സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയില്‍ ഉയര്‍ന്നത്.

ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.

റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ.പി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.