'കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒഴികെയുള്ള പ്രതിപക്ഷ നേതാക്കള്‍

'കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒഴികെയുള്ള പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒഴികെയുള്ള പ്രതിപക്ഷ നേതാക്കളും നാല് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

ശരദ് പവാര്‍, ഉദ്ധവ് താക്കറെ, ഫാറൂഖ് അബ്ദുള്ള, തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരാണ് കത്തയച്ചത്.

സി.ബി.ഐയെയും ഇ.ഡിയെയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്ന് കത്തില്‍ നേതാക്കള്‍ ആരോപിച്ചു.മഗവര്‍ണര്‍മാര്‍ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് കത്ത്.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി പ്രതിപക്ഷത്തെ പല നേതാക്കളേയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു. ആരോപണ വിധേയരായ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി തുടങ്ങിയവരുടെ കാര്യം ഇതിനുദാഹരണമായി കത്തില്‍ പരമാര്‍ശിക്കുന്നു. ഇവര്‍ക്കെതിരായ അന്വേഷണം ഇഴയുമ്പോള്‍ തെളിവില്ലാത്ത കേസുകളില്‍ പോലും സിസോദിയ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതായി കത്തില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പിയിതര മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനും ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നു എന്നതാണ് കത്തില്‍ രണ്ടാമതായി ചൂണ്ടിക്കാട്ടുന്ന വിഷയം.

അതിനാല്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ എന്നൊരു പദവി വേണോ എന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നും കത്തില്‍ വിശദമാക്കുന്നു.എന്നാല്‍ ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.