5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തൊടുപുഴ: ചികിത്സ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന് രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന സംഭവത്തിന് പിന്നാലെ തന്റെ കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന ആക്ഷേപവുമായി ദമ്പതികള്‍ രംഗത്ത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ഡോക്ടര്‍ എ.അന്‍സിലിനെതിരെയാണ് വണ്ണപ്പുറം സ്വദേശികളായ രാജേഷ്-ബിന്‍സി ദമ്പതികള്‍ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.

സൈക്കിളില്‍നിന്ന് വീണ് തോളെല്ല് പൊട്ടിയ 12 വയസുള്ള മകന്‍ നിജിനുമായി ആശുപത്രിയിലെത്തി മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ഡോക്ടര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് കുട്ടിയുമായി മാതാപിതാക്കള്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. ആ സമയം ഡ്യൂട്ടി ഡോക്ടര്‍ എക്‌സറേ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. എക്‌സ്‌റേ ഫലം ലഭിച്ചപ്പോള്‍ തന്നെ ഉച്ചകഴിഞ്ഞു.

ഉച്ചക്ക് ശേഷം ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ എ.അന്‍സിലാണ് ചികിത്സ നിഷേധിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സര്‍ജറി ചെയ്യണമെങ്കില്‍ 5000 രൂപ കൈക്കൂലി വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടര്‍ മോശമായി പെരുമാറി എന്നും ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്.

ചികിത്സ നിഷേധിക്കപ്പെട്ടതോടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബം കുട്ടിക്ക് ചികിത്സ നല്‍കാതെ വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ശിശു സംരക്ഷണ സമിതിയും ഇടപെട്ടിട്ടുണ്ട്. കുട്ടിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കാന്‍ ഉള്ള നടപടികള്‍ ശിശു സംരക്ഷണ സമിതി സ്വീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.