വിശുദ്ധ കുരിശിനെ അവഹേളിച്ച് കുട്ടി സഖാക്കളുടെ പേക്കൂത്ത്; എസ്എഫ്ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

വിശുദ്ധ കുരിശിനെ അവഹേളിച്ച് കുട്ടി സഖാക്കളുടെ പേക്കൂത്ത്; എസ്എഫ്ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ  വ്യാപക പ്രതിഷേധം

ലക്ഷ്യം കാണാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാര്‍ഗമായി തരം താഴ്ത്തപ്പെടരുതെന്ന് കെ.സി.വൈ.എം.

തലശേരി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച് സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ പേക്കൂത്ത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തലശേരി ബ്രണ്ണന്‍ കോളജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലാണ് ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന ചിത്രീകരണമുള്ളത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമാകുകയാണ്.

അടുത്തയിടെയായി സിപിഎം ക്രൈസ്തവ സമൂഹത്തോട് പുലര്‍ത്തി വരുന്ന നിക്ഷേധാത്മക നിലപാടിന്റെ ബാക്കി പത്രമാണ് കുട്ടി സഖാക്കളുടെ ക്രൈസ്തവ വിരുദ്ധത ഫ്‌ളക്‌സ് പ്രചാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെതിരെ കെ.സി.വൈ.എം,
എസ്.എം.വൈ.എം എന്നിവ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നു.

ക്രൈസ്തവ സമൂഹത്തിനെതിരെ കലോത്സവ ഇടങ്ങളില്‍ എസ്എഫ്‌ഐ ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തികച്ചും പരിഹാസ്യവും സമുദായത്തെ തന്നെ ഒന്നടങ്കം അപമാനിക്കുന്നതുമാണന്ന് തലശേരി അതിരൂപത കെ.സി.വൈ.എം, എസ്.എം.വൈ.എം എന്നിവര്‍ പ്രതികരിച്ചു.

സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഇടങ്ങള്‍ ആകേണ്ട കലോത്സവങ്ങളില്‍ ന്യൂനപക്ഷമാകുന്ന ഒരു സമുദായത്തിന്റെ തികച്ചും ആത്മീയവും മതപരവുമായ ചിഹ്നങ്ങളെ പ്രഹസന വിപ്ലവത്തിന്റെ പേരില്‍ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത യുവജന നേതൃത്വം പ്രതികരിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് എസ്എഫ്ഐക്കാരുടെ സ്ഥിരം പല്ലവിയായി തീര്‍ന്നിരിക്കുകയാണെന്ന് താമരശേരി രൂപത കെ.സി.വൈ.എം വ്യക്തമാക്കി.

ക്രൈസ്തവരുടെ വിശ്വാസത്തെ എസ്എഫ്ഐ ഇത്തരത്തില്‍ വികലമായി ആവിഷ്‌കരിക്കുന്നത് ഇത് ആദ്യമായല്ല. ആവിഷ്‌കാര സ്വാതന്ത്രം അതിരു കടന്നാല്‍ നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ ഇതുപോലെ പൊതുവേദിയില്‍ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണഘടന നല്‍കുന്നുണ്ട് എന്ന കാര്യം മറക്കേണ്ടെന്ന് രൂപത കെ.സി.വൈ.എം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

പ്രായത്തിന്റെ തിളപ്പില്‍ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ലെന്ന് എസ്എഫ്ഐയ്ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രത്യയശാസ്ത്രം പോലും ഇല്ലാത്തതാണ് ആ പ്രസ്ഥാനത്തിന്റെ അപചയം.

'ലക്ഷ്യം കാണാന്‍ ഏത് മാര്‍ഗവും തിരഞ്ഞെടുക്കാം' എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം. നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്. പക്ഷേ, അതിന് ഉപയോഗിക്കുന്ന മാര്‍ഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാര്‍ഗമായി തരം താഴ്ത്തപ്പെടരുതെന്ന് ഓര്‍മിപ്പിക്കുകയാണെന്നും കെ.സി.വൈ.എം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.