ശാന്ത സമുദ്രത്തിന് മുകളില്‍ കത്തിയെരിഞ്ഞ് എം.ടി 1 ; ശാന്തം, വിജയം ഐ.എസ്.ആര്‍.ഒ ദൗത്യം

ശാന്ത സമുദ്രത്തിന് മുകളില്‍ കത്തിയെരിഞ്ഞ് എം.ടി 1 ; ശാന്തം, വിജയം ഐ.എസ്.ആര്‍.ഒ ദൗത്യം

ബംഗളൂരു: ദൗത്യ കാലാവധി പൂര്‍ത്തിയാക്കിയ ഉപഗ്രഹത്തെ വിജയകരമായി ഭൂമിയിലേക്ക് തിരികെയെത്തിച്ച് ഐ.എസ്.ആര്‍.ഒ.

കാലാവധി പൂര്‍ത്തിയാക്കി ഡി കമീഷന്‍ ചെയ്ത ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക് 1 നെ (എം.ടി 1)യാണ് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ ശ്രമകരമായ ദൗത്യത്തിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചത്. പിന്നീട് ഉപഗ്രഹം ശാന്ത സമുദ്രത്തിന് മുകളില്‍ കത്തിയെരിഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി.

കാലാവസ്ഥാ പഠനത്തിനായി ഐ.എസ്.ആര്‍.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബര്‍ 12 നാണ് എം.ടി 1 പറന്നുയര്‍ന്നത്. ഉപഗ്രഹ ദൗത്യം മൂന്ന് വര്‍ഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എം.ടി 1 ഭ്രമണ പഥത്തില്‍ പത്ത് വര്‍ഷത്തിലേറെയായി സേവനങ്ങള്‍ നല്‍കിയിരുന്നു.

125 കിലോ ഇന്ധനം എം.ടി 1 ല്‍ ശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ചാണ് നിയന്ത്രിതമായ തിരിച്ചിറക്കല്‍ ദൗത്യം നടത്താന്‍ ഐ.എസ്.ആര്‍.ഒ തീരുമാനിച്ചത്. വളരെ താഴ്ന്ന ഭ്രമണ പഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവന്ന ശേഷം ശാന്ത സമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയിലേക്ക് ഇറക്കുകയായിരുന്നു. ആകാശത്ത് വെച്ച് തന്നെ ഉപഗ്രഹം കത്തിയെരിഞ്ഞതായും വലിയ മാലിന്യങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ബഹിരാകാശ മാലിന്യം കുറയ്ക്കാനുള്ള അന്താരാഷ്ട്ര ധാരണകള്‍ അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമാണ് കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ തിരിച്ചിറക്കിയതെന്നും ഐ.എസ്.ആര്‍.ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.