ഇരട്ട സെഞ്ചുറിയുടെ വക്കില്‍ കോലി പുറത്ത്; ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 571 റണ്‍സിന് പുറത്ത്

ഇരട്ട സെഞ്ചുറിയുടെ വക്കില്‍ കോലി പുറത്ത്; ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 571 റണ്‍സിന് പുറത്ത്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംങ്‌സില്‍ 571 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയ നേടിയ 480 റണ്‍സാണ് ഇന്ത്യ പിന്തുടര്‍ന്നത്.

364 പന്തില്‍ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിങിന് ഇറങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 91 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. ലിയോണും മര്‍ഫിയും മൂന്ന് വീതവും സ്റ്റാര്‍ക്കും കുനേമാനും ഓരോ വിക്കറ്റും നേടി.

178.5 ഓവറിലായിരുന്നു ഇന്ത്യയുടെ പുറത്താകല്‍. 128 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. മറ്റ് ബാറ്റര്‍മാര്‍ പിന്തുണ നല്‍കിയെങ്കിലും എട്ടാമനായി ഉമേഷ് യാദവ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായതാണ് മികച്ച ലീഡെന്ന ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്.

ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്‌സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

നേരത്തെ നേരത്തെ ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.