പാഠ പുസ്തക അച്ചടി; രണ്ട് വര്‍ഷത്തിനിടെ 35 കോടിയുടെ ക്രമക്കേട്

പാഠ പുസ്തക അച്ചടി; രണ്ട് വര്‍ഷത്തിനിടെ 35 കോടിയുടെ ക്രമക്കേട്

കൊച്ചി: സംസ്ഥാനത്ത് പാഠ പുസ്തക അച്ചടിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടര്‍ വ്യവസ്ഥ അട്ടിമറിച്ചും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ടിന്റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ് ആവശ്യപ്പെട്ട തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ രണ്ട് വര്‍ഷത്തില്‍ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ 35 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായിട്ടാണ് ആരോപണം. മില്ലുകളില്‍ നിന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് കോര്‍പ്പറേഷന്‍ നേരിട്ട് പേപ്പര്‍ വാങ്ങാന്‍ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്.

2015-16 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി വൈകിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെത്തിയത്. രണ്ട് വര്‍ഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പര്‍ മില്ലുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ 2016 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കെബിപിഎസിന് അനുമതി നല്‍കി.

സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് ബില്ലുകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥയില്‍. സ്റ്റേഷനറി വകുപ്പ് ടെണ്ടര്‍ വിളിച്ച് ധനകാര്യ വകുപ്പ് അനുമതില്‍ വിദ്യാഭ്യാസ വകുപ്പ് മില്ലുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന രീതി അച്ചടിയില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം.

എന്നാല്‍ ഈ ആനുകൂല്യത്തിന്റെ മറവില്‍ പിന്നീട് എന്താണ് സംഭവിച്ചത്. 2016-17 അധ്യയന വര്‍ഷത്തിലേക്കായി കെബിപിഎസ് നേരിട്ട് ടെണ്ടര്‍ വിളിച്ചത് 83 സെന്റിമീറ്റര്‍, 80 ജിഎസ്എം നിലവാരത്തില്‍ 6000 മെട്രിക് ടണ്‍ പേപ്പര്‍. ടെണ്ടറില്‍ റേറ്റ് ക്വോട്ട് ചെയ്യാതെ പങ്കെടുത്ത ആദിത്യ അശ്വിന്‍ എന്ന കമ്പനിയില്‍ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകള്‍.

ആന്ധ്രയില്‍ നിന്നുള്ള ഡെല്‍റ്റ, ശ്രീ ശക്തി പേപ്പര്‍ മില്ലുകളില്‍ നിന്നായി ആകെ മൊത്തം 59 കോടി 73 ലക്ഷം രൂപയ്ക്ക് പേപ്പര്‍ വാങ്ങിയതായി സര്‍ക്കാരിന് നല്‍കിയ ഇന്‍വോയിസില്‍ വ്യക്തം. എന്നാല്‍ എല്ലാ ബില്ലുകളും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് പരിശോധിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എന്നിട്ടും തൊട്ടടുത്ത വര്‍ഷം 2017-18 അധ്യയന വര്‍ഷത്തേക്ക് പേപ്പര്‍ വാങ്ങുന്നതിന് 75 കോടി രൂപ കെബിപിഎസ് ആവശ്യപ്പെട്ടപ്പോള്‍ ഈ തുക അത്രയും സര്‍ക്കാര്‍ കൈമാറി. ചോദ്യം ഇനിയാണ്. 2017 ജൂണ്‍ 30 വരെ വാറ്റ് നികുതിയായിരുന്നു. രാജ്യം ജിഎസ്ടിയിലേക്ക് മാറിയത് ജൂലൈ 1 മുതല്‍.2017 ,ജൂലൈ 30 വരെ 117 കോടി രൂപ 77ലക്ഷം രൂപയുടെ പേപ്പര്‍ വാങ്ങിയെന്നാണ് കെബിപിഎസ് കണക്കുകള്‍.

രണ്ട് ശതമാനമായിരുന്നു അന്ന് വാറ്റ് നികുതി. അങ്ങനെ എങ്കില്‍ 2.25 കോടി രൂപ എങ്കിലും നികുതി ഇനത്തില്‍ കന്പനികള്‍ അടച്ചിരിക്കണം.എന്നാല്‍ ഇന്‍പുട്ട് ക്രെഡിറ്റായി കമ്പനികള്‍ എടുത്തത് 1 കോടി 61 ലക്ഷം രൂപ. ഈ തുക പ്രകാരം പേപ്പര്‍ വാങ്ങിയത് 80 കോടി 50 ലക്ഷം രൂപയ്ക്ക് മാത്രമാണ്. 37 കോടി രൂപയുടെ അധിക തുക കെബിപിഎസ് സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് വ്യാജ ബില്ലുകള്‍ നല്‍കിയെന്നാണ് ആരോപണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.