അബിന് വര്‍ക്കി, ബിനു ചുള്ളിയില്‍, കെ.എം അഭിജിത്ത്, ജെ.എസ് അഖില്‍, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകളാണ് മുഖ്യമായും പരിഗണിക്കുന്നത്.
തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ച ഒഴിവില്‍ പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും.
അഞ്ച് പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ.ജെ ജനീഷ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ജെ.എസ് അഖില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഇതില്‍ അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, കെ.എം അഭിജിത്ത് എന്നിവരാണ് മുഖ്യ പരിഗണനയില്‍. അധ്യക്ഷ സ്ഥാനം പിടിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. തങ്ങളുടെ പ്രതിനിധികളെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും നീക്കം തുടങ്ങി.
ഗ്രൂപ്പിന്റെ അതിപ്രസരമില്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.
എന്നാല്‍ സമുദായ സമവാക്യം അബിന്‍ വര്‍ക്കിക്ക് പ്രതികൂല ഘടകമാണ്. കെപിസിസി പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ് എന്നിവര്‍ ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. പക്ഷേ, അബിന് സ്വാഭാവിക നീതി നിഷേധിക്കപ്പെടരുത് എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു ബിനു ചുള്ളിയിലിന്റേത്. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയാണ് നിലവിലെ നിയമനം. കെ.സി വേണുഗോപാലുമായുള്ള അടുപ്പം ബിനുവിന് അനുകൂല ഘടകമാണ്. ജനീഷിനും വേണുഗോപാലുമായി അടുത്ത ബന്ധമുണ്ട്.
കെ.എം അഭിജിത്ത്, ജെ.എസ് അഖില്‍ എന്നിവര്‍ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലെങ്കിലും ദേശീയ നേതൃത്വം അവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. കോഴിക്കോട് എംപി എം.കെ രാഘവന്‍ ഉള്‍പ്പെടെ മലബാര്‍ മേഖലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിജിത്തിനോടാണ് താല്‍പര്യം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി നേരത്തെ നിര്‍ദേശിച്ച വ്യക്തിയാണ് ജെ.എസ് അഖില്‍. ഷാഫി പറമ്പില്‍, വി.ഡി സതീശന്‍ എന്നിവരായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.