സമൂഹമാധ്യമങ്ങളിലൂടെയുളള അപവാദ പ്രചരണങ്ങളില്‍ പേടിച്ചോടില്ലെന്ന് എം എ യൂസഫലി

സമൂഹമാധ്യമങ്ങളിലൂടെയുളള അപവാദ പ്രചരണങ്ങളില്‍ പേടിച്ചോടില്ലെന്ന് എം എ യൂസഫലി

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അവിടെയുമിവിടെയുമിരുന്ന് കുറ്റം പറഞ്ഞാല്‍ അത് കേട്ട് പേടിച്ചോടുന്നവനല്ല താനെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. ഇനിയും ആവശ്യക്കാർക്കുളള സഹായം തുടരും. അതില്‍ നിന്നൊന്നും പിന്മാറില്ല, കച്ചവടത്തില്‍ നിന്നും പിന്മാറില്ലെന്നും യൂസഫലി പറഞ്ഞു.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് അയച്ചുവെന്ന വാർത്തകളുണ്ടല്ലോയെന്ന ചോദ്യത്തോടായിരുന്നു യൂസഫലിയുടെ പ്രതികരണം. 65000 ത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 50 വർഷമായി ഗള്‍ഫിലുളളയാളാണ് താന്‍. ഇന്ത്യയുടെ നിയമസംഹിതയ്ക്ക് അനുസരിച്ച് മുന്നോട്ടുപോകുന്നയാളാണ് താനെന്നും എം എ യൂസഫലി പറഞ്ഞു.

ദുബായ് സൗത്തിലെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എം എ യൂസഫലി വിവാദങ്ങളോട് പ്രതികരിച്ചത്. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ഖലീഫ അൽ സഫിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 248- -മത്തെ  ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ദുബായ് സൗത്ത്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ദുബായ് വേൾഡ് സെൻട്രൽ 145 ചതുരശ്ര കിലോമീറ്ററിലുളള നഗരസമുച്ചയമാണ്. ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.