ബംഗളൂരു: കനത്ത പ്രതിഷേധത്തിനിടെ ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ ടോൾ പിരിവ് തുടങ്ങി. ബംഗളൂരു മുതൽ മദ്ദൂരിലെ നിദാഘട്ട വരെയുള്ള 56 കിലോമീറ്റർ ഭാഗത്താണ് ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി അധികൃതർ ടോൾ പിരിവിന് തുടക്കമിട്ടത്.
ബിഡദിക്ക് സമീപത്തെ കണിമിണികെ ടോൾ പ്ലാസയിൽ നിന്നാണ് പിരിവ്. കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒറ്റ യാത്രക്ക് 135 രൂപയാണ് ടോൾ. ഒറ്റദിവസത്തിൽ തന്നെ മടക്കയാത്രയുമുണ്ടെങ്കിൽ 205 രൂപയാണ്. മിനിബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റയാത്രക്ക്.
അതേസമയം നിദാഘട്ടെ മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ഭാഗത്തെ ടോൾ നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇവിടെയും ടോൾ തുടങ്ങും. ഈ നിരക്കു കൂടി പുറത്തുവന്നാൽ അതിവേഗപാതയിൽ യാത്രക്ക് ആകെ എത്ര ചെലവ് വരുമെന്ന് അറിയാം.
കോൺഗ്രസ് പ്രവർത്തകരുടെയും കന്നട ഭാഷാ അനുകൂല പ്രവർത്തകരുടെയും കനത്ത പ്രതിഷേധങ്ങൾക്കിടെയാണ് ടോൾ പിരിവ് തുടങ്ങിയത്. കണിമിനികെ ടോൾ പ്ലാസ കന്നട ഭാഷാ പ്രവർത്തകർ ഉപരോധിക്കാൻ ശ്രമിച്ചു. കനത്ത പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. ഫാസ്ടാഗ് വഴി ടോൾപിരിക്കാനുള്ള സാങ്കേതിക തടസ്സം ഉണ്ടായതോടെ പണമായാണ് ഈടാക്കിയത്.
ടോൾ നിരക്ക് കൂടുതലാണെന്നും പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രം ടോൾപിരിവ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാമനരയിലെ ശേഷാഗിരിഹള്ളിയിലെ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രവർത്തകരും സമരം നടത്തി. സർവിസ് റോഡടക്കമുള്ളവയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെയാണ് സമരം. സമരക്കാരെ പിന്നീട് പൊലീസ് നീക്കി. രണ്ട് കർണാടക ആർ.ടി.സി ബസുകളിലായാണ് പ്രതിഷേധക്കാരെ നീക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 28ന് തന്നെ ടോൾ പിരിവ് തുടങ്ങാൻ ദേശീയപാത അതോറിറ്റി അധികൃതർ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്നാണ് മാർച്ച് 14ലേക്ക് മാറ്റിയത്. മാർച്ച് 12നാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്തുവരിപ്പാതയാക്കിയ അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.