നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം: ചോദ്യാത്തരവേള റദ്ദാക്കി; സഭ ഇന്നത്തേക്ക് പിരിഞ്ഞു

 നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം: ചോദ്യാത്തരവേള റദ്ദാക്കി; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ ഡയസിന് മുന്നില്‍ പ്രതിഷേധം നടത്തിയതോടെ ചോദ്യാത്തരവേള റദ്ദാക്കി. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ച വിഷയത്തില്‍ ഇന്നും സഭയില്‍ ബഹളം തുടര്‍ന്ന സാഹചര്യത്തിലാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞത്.

നിലവില്‍ സഭയിലെ നടപടികള്‍ വേഗത്തിലാക്കുകയാണ്. നിയമസഭയിലെ കൈയ്യേറ്റം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരിക്കേറ്റു.

ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമാണ് കേരള നിയമസഭാ ഇന്നലെ രാവിലെ സാക്ഷ്യം വഹിച്ചത്. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസ് പരിസരത്തായിരുന്നു പോര്. പോത്തന്‍കോട് പെണ്‍കുട്ടിക്ക് നേരെയുണ്ടായ അക്രമം മുന്‍നിര്‍ത്തിയുള്ള സ്ത്രീസുരക്ഷയിലെ അടിയന്തിര പ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്.

അതേസമയം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. എന്നാല്‍ മറുപടി പറയാന്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും
വാച്ച് ആന്റ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും വ്യക്തമാക്കി.

ഇന്ന് രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷം വാച്ച് ആന്റ് വാര്‍ഡിനും ഭരണകക്ഷി എംഎല്‍എമാര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.