തുര്‍ക്കിയില്‍ ഭൂകമ്പ ബാധിത മേഖലകളില്‍ മിന്നല്‍ പ്രളയം; 14 മരണം; ടെന്റുകളടക്കം ഒലിച്ചുപോയി

തുര്‍ക്കിയില്‍ ഭൂകമ്പ ബാധിത മേഖലകളില്‍ മിന്നല്‍ പ്രളയം; 14 മരണം; ടെന്റുകളടക്കം ഒലിച്ചുപോയി

അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 മരണം. ഒട്ടേറെപ്പേരെ കാണാതായി. ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ടെന്റുകളടക്കം പ്രളയത്തില്‍ ഒലിച്ചുപോയി. ഭൂകമ്പത്തിന്റെ വേദനയില്‍ നിന്ന് കരകയറുന്ന ജനതയ്ക്ക് വീണ്ടും കനത്ത പ്രഹരമായാണ് മിന്നല്‍ പ്രളയമെത്തിയത്.

രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. സിറിയന്‍ അതിര്‍ത്തിക്ക് സമീപം 50 കിലോമീറ്റര്‍ വ്യാപ്തിയില്‍ സാന്‍ലിഉര്‍ഫയിലും ആദിയമാനിലുമാണ് മിന്നല്‍ പ്രളയമുണ്ടായത്. കണ്ടെയ്‌നറുകളിലും താല്‍ക്കാലിക ടെന്റുകളിലും താമസിച്ചിരുന്നവരെയാണ് പ്രളയം തകര്‍ത്തത്. മരിച്ചവരില്‍ അഞ്ച് സിറിയന്‍ സ്വദേശികളുമുണ്ട്.

തെക്കുകിഴക്കന്‍ ആദിയമാന്‍ പ്രവിശ്യയിലെ ടുട്ട് പട്ടണത്തില്‍ രണ്ടു പേര്‍ മരിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ അഭയം തേടിയ കണ്ടെയ്നര്‍ ഹോം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായി ഹേബര്‍ടര്‍ക്ക് ടി.വി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ നാലു പേര്‍ മരിച്ചതായി സാന്‍ലിഉര്‍ഫ പ്രവിശ്യയുടെ ഗവര്‍ണര്‍ സാലിഹ് അയ്ഹാന്‍ പറഞ്ഞു. സാന്‍ലിഉര്‍ഫയിലെ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്റിനുള്ളില്‍ അഞ്ച് സിറിയന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. അതില്‍ ഒന്നര വയസുള്ള കുട്ടിയുമുണ്ട്.

അടിപ്പാതയില്‍ കുടുങ്ങിയ വാനിനുള്ളില്‍നിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ അഭയം പ്രാപിച്ച ക്യാമ്പില്‍നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു. ഒരു ആശുപത്രിയില്‍നിന്ന് രോഗികളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഉര്‍ഫയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ റോഡില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞതോടെ കാറുകളടക്കം ഒലിച്ചുപോയി. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് ഒഴുകി. കെട്ടിടങ്ങളുടെ ഉയരങ്ങളിലേക്കു കയറിയാണ് പലരും രക്ഷപെട്ടത്. ബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഫെബ്രുവരി ആറിന് തുര്‍ക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 52,000ലധികം പേരാണ് മരിച്ചത്. തുര്‍ക്കിയയിലെ രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ തകരുകയോ സാരമായ കേടുപാടുണ്ടാവുകയോ ചെയ്തു.

രണ്ടു മാസത്തിനപ്പുറം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രസിഡന്റ് എര്‍ദോഗന് മറ്റൊരു വെല്ലുവിളിയാണ് ഭൂകമ്പത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.