'സാറെ... എന്റെ 34000 രൂപ പോയി, മാല പണയം വെച്ച പൈസയാ'; യുപിഐ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ്

'സാറെ... എന്റെ 34000 രൂപ പോയി, മാല പണയം വെച്ച പൈസയാ'; യുപിഐ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: യുപിഐ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1930 ലേക്ക് വന്ന ഒരു കോള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

'ഹലോ... സാറെ... എന്റെ 34000 രൂപ പോയി... ഭാര്യേടെ മാല പണയം വെച്ച പൈസയാ സാറേ...' എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആശുപത്രി ബില്ല് അടയ്ക്കാനായി മാല പണയം വെച്ച് യുപിഐ ( Unified Payments Interface)ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്ത പണമാണ് അയാള്‍ക്ക് നഷ്ടമായത്.

പണം പക്ഷേ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായത്. യുപിഐ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ആകുകയായിരുന്നു. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

യുപിഐ ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ ഉണ്ടായിരിക്കണം. യുപിഐ നമ്പര്‍ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ പേയ്‌മെന്റ് തുടരുണമെന്നും പൊലീസ് നിര്‍ദേശിച്ചു.

അതേസമയം ഫെയ്‌സ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേഴ്‌സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍/ പേജുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസേജുകളോട് പ്രതികരിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.