ചന്ദ്രനിലിറങ്ങാന്‍ ബഹിരാകാശ യാത്രികര്‍ക്ക് പുത്തന്‍ 'ഉടുപ്പ്'; കറുപ്പു നിറമുള്ള സ്പേസ് സ്യൂട്ടിന്റെ മാതൃക പുറത്തുവിട്ട് നാസ

ചന്ദ്രനിലിറങ്ങാന്‍ ബഹിരാകാശ യാത്രികര്‍ക്ക് പുത്തന്‍ 'ഉടുപ്പ്'; കറുപ്പു നിറമുള്ള സ്പേസ് സ്യൂട്ടിന്റെ മാതൃക പുറത്തുവിട്ട് നാസ

അര നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമുള്ള മനുഷ്യന്റ ചന്ദ്രയാത്രയ്ക്കായി ലോകം കാത്തിരിക്കുമ്പോള്‍ വലിയ തയാറെടുപ്പുകളാണ് നാസ നടത്തുന്നു. ആര്‍ട്ടിമിസ് പദ്ധതിയുടെ മൂന്നാം ദൗത്യത്തില്‍ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് 2025-ല്‍ ഇറക്കുമെന്നാണ് നാസ അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്ക് ധരിക്കാന്‍ അത്യാധുനിക സ്‌പേസ് സ്യൂട്ടാണ് നാസ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്‌പേസ് സ്യൂട്ടിന്റെ മാതൃക കഴിഞ്ഞ ദിവസം പുറത്തിറക്കി.

ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തിയ അപ്പോളോ ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോങ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചത് വെള്ള സ്യൂട്ടായിരുന്നു. അതിന് പകരം ചാരം കലര്‍ന്ന കറുപ്പ് നിറത്തിലുള്ളതാണ് പുതിയ സ്യൂട്ട്. നാസ ആര്‍ട്ടിമിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ സ്യൂട്ടിന്റെ ചിത്രമടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിലുള്ള ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രോപരിതലത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലുള്ള പ്രത്യേക സവിശേഷതകളോടെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2025ല്‍ പുനര്‍ രൂപകല്‍പ്പന ചെയ്ത സ്യൂട്ട് തയ്യാറാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

ടെക്സാസ് ആസ്ഥാനമായുള്ള ആക്സിയം സ്പേസ് എന്ന കമ്പനിയാണ് കഴിഞ്ഞ വര്‍ഷം 228 മില്യണ്‍ ഡോളറിന് (190 മില്യണ്‍ പൗണ്ട്) സ്യൂട്ടുകള്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള കരാര്‍ നേടിയത്. ഇപ്പോള്‍ ആറ് മാസത്തിന് ശേഷമണ് അവര്‍ ഡിസൈന്‍ പുറത്തുവിടുന്നത്.

സഞ്ചാരികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ താപനിയന്ത്രണ സംവിധാനം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സ്പേസ് സ്യൂട്ട് നിര്‍മിച്ചിരിക്കുന്നത്. ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവം അടക്കമുള്ള മേഖലയില്‍ മനുഷ്യന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ 250 ഫാരന്‍ഹീറ്റ് (121 ഡിഗ്രി സെല്‍ഷ്യസ്) വരെയുള്ള ഉയര്‍ന്ന താപനിലയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിയേണ്ടി വരും.

അതുപോലെ നേരത്തെ പുരുഷ ബഹിരാകാശ യാത്രികര്‍ക്ക് യോജിക്കും വിധമാണ് സ്പേസ് സ്യൂട്ടുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പഴയ വസ്ത്രത്തെ അപേക്ഷിച്ച് സ്ത്രീ ബഹിരാകാശ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ വസ്ത്രമാണിതെന്ന് നാസ പറയുന്നു. ആര്‍ട്ടിമിസ് ദൗത്യത്തില്‍ ഒരു വനിതയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ യുഎസ് ബഹിരാകാശ സഞ്ചാരികള്‍ ധരിക്കുന്ന സ്പേസ് സ്യൂട്ടുകള്‍ 1981 നുശേഷം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടില്ല.

പലപ്പോഴും സ്ത്രീകളെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതികള്‍ അനുയോജ്യമായ സ്പേസ് സ്യൂട്ടുകളുടെ അഭാവം മൂലം നടക്കാതെ പോയിട്ടുണ്ട്. അമിതമായ ക്ഷീണവും ശാരീരിക പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കൃത്യമായ സ്യൂട്ടിന്റെ കൃത്യമായ ഫിറ്റിംഗ് അനിവാര്യമാണ്. കൃത്യമായ അളവുകള്‍ ഉറപ്പാക്കാന്‍ 3-ഡി പ്രിന്ററുകളും ലേസര്‍ കട്ടറുകളും ഉള്‍പ്പെടെയുള്ള നൂതന നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചാണ് സ്യൂട്ടുകള്‍ നിര്‍മ്മിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് ബഹിരാകാശ നടത്തത്തിനായി 2019-ല്‍ നാസ ഒരു വനിതാ ടീമിനെ അയയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. ആന്‍ മക്ലെയ്നും ക്രിസ്റ്റീന കോച്ചുമാണ് അതില്‍ ഉള്‍പ്പെട്ടിരുന്നുത്. സ്ത്രീകള്‍ക്ക് അനുയോജ്യമായ സ്‌പേസ് സ്യൂട്ടുകള്‍ ഇല്ലാത്തതിനാല്‍ മക്ലെയ്ന് പകരം സഹപ്രവര്‍ത്തകനായ നിക്ക് ഹേഗിനെ നിയമിക്കേണ്ടിവന്നു.

പുതിയ ഡിസൈന്‍ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കുമെന്നാണ് നാസയുടെ അനുമാനം. പൂര്‍ണമായും തെര്‍മല്‍ ഇന്‍സുലേഷനിലാണ് സ്യൂട്ട് ഇറങ്ങുന്നത്.

ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ബഹിരാകാശത്ത് സ്പേസ് സ്യൂട്ട് ധരിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. ഈ അവസ്ഥയെ അതിജീവിക്കാനുള്ള ഓക്‌സിജന്‍ നല്‍കുക എന്നതാണ് ഒരു സ്‌പേസ് സ്യൂട്ടിന്റെ പ്രധാന ദൗത്യം. ബഹിരാകാശത്ത് സഞ്ചാരിയുടെ ശ്വാസകോശം അതിവേഗം വികസിക്കുന്നത് മരണത്തിന് കാരണമാകുമെന്നതിനാല്‍ ശ്രദ്ധാപൂര്‍വ്വമായ രൂപകല്‍പ്പന ആവശ്യമാണ്.

മുന്‍ സ്യൂട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ആക്സിയോം എക്സ്ട്രാ വെഹിക്കുലാര്‍ മൊബിലിറ്റി യൂണിറ്റ് സ്പേസ് സ്യൂട്ടില്‍ ബഹിരാകാശയാത്രികര്‍ക്ക് കൂടുതല്‍ ചലന സ്വാതന്ത്ര്യം ലഭിക്കും. പുതിയ ഹെല്‍മെറ്റ് കാഴ്ചാപരിധി കൂട്ടുന്നതാണ്. ഹെല്‍മെറ്റില്‍ ഇന്‍ബില്‍റ്റ് ലൈറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതുപോലെ പുതിയ ബൂട്ടുകള്‍ ചന്ദ്രോപരിതലത്തിലെ നിഴലുള്ള പ്രദേശങ്ങളിലെ തണുത്തുറഞ്ഞ താപനിലയെ ചെറുക്കാന്‍ കഴിയുന്നതാണ്.

2021-ല്‍, സ്പേസ് സ്യൂട്ട് രൂകല്‍പനയ്ക്കായി ഇതിനകം 420 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി നാസ വെളിപ്പെടുത്തി. അടുത്ത വര്‍ഷം നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിന്റെ ന്യൂട്രല്‍ ബൂയന്‍സി ലാബില്‍ സ്പേസ് സ്യൂട്ടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.