ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശ്രീനഗര്‍ സന്ദര്‍ശിച്ചയാള്‍ അറസ്റ്റില്‍. ഉയര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ ഇയാള്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് സ്‌കോര്‍പിയോയില്‍ യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലാണ് കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച് ഔദ്യോഗിക സൗകര്യങ്ങള്‍ നേടിയത്. കിരണ്‍ ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകളും നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ നയ രൂപീകരണ - ക്യാമ്പയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പത്ത് ദിവസം മുന്‍പ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് ഈ വിവരം പുറത്തു വിട്ടിരുന്നില്ല. ഇന്നലെ മജിസ്ട്രേറ്റ് കോടതി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് അറസ്റ്റിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നത്.
ബിജെപി ഗുജറാത്ത് ജനറല്‍ സെക്രട്ടറി പ്രതാപ് സിംഗ് വഗേലയടക്കം ആയിരക്കണക്കിന് ഫോളോവേഴ്സാണ് കിരണ്‍ ഭായ് പട്ടേലിന് ട്വിറ്ററില്‍ ഉള്ളത്. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡാണ്. അര്‍ദ്ധസൈനിക വിഭാഗത്തിനൊപ്പമുള്ള കശ്മീരിലെ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും കിരണ്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ അവസാനത്തെ പോസ്റ്റ് പങ്കുവച്ചത് മാര്‍ച്ച് രണ്ടിനാണ്.
വിര്‍ജീനിയയിലെ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും ട്രിച്ചി ഐഐഎമ്മില്‍ നിന്ന് എംബിഎയും കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്കും കമ്പ്യൂട്ടര്‍ എന്‍ജീനിയറിംഗും നേടിയതായും ഇയാള്‍ അവകാശപ്പെടുന്നു.
ഫെബ്രുവരിയില്‍ ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ സന്ദര്‍ശിക്കാനാണ് ഇയാള്‍ ആദ്യമായി കാശ്മീരില്‍ എത്തുന്നത്. അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് പ്രതി യാത്ര ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
ബുദ്ഗാമിലെ ദൂധപത്രിയില്‍ അര്‍ദ്ധസൈനിക വിഭാഗത്തോടൊപ്പം മഞ്ഞുവീഴ്ചയിലൂടെ നടന്നു പോകുന്നതിന്റെയും ശ്രീനഗറിലെ ക്ലോക്ക് ടവറായ ലാല്‍ ചൗക്കിന് മുന്നില്‍ നില്‍ക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇയാള്‍ ഗുജറാത്തില്‍ നിന്ന് കശ്മീരിലേയ്ക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉദ്യോഗസ്ഥരുമായി നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളില്‍ കിരണ്‍ രണ്ടാം സന്ദര്‍ശനത്തിനായി ശ്രീനഗറില്‍ എത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ജില്ലാ മജിസ്ട്രേറ്റായ ഒരു ഐഎഎസ് ഓഫീസറാണ് ശ്രീനഗറിലേയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനത്തിന് എത്തുന്ന വിവരം കൈമാറിയത്.
പിഎംഒ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്നയാളെ കുറിച്ച് ഇന്റലിജന്‍സ് പൊലീസിന് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ട പൊലീസ് ശ്രീനഗറിലെ ഹോട്ടലില്‍ നിന്നാണ് കിരണ്‍ ഭായ് പട്ടേലിനെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.