ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് 8,480 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്ത ഒറ്റ മഴയില്‍ മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ പെരുമഴയാണ്.
തന്റെ കാര്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാര്‍ നന്നാക്കിത്തരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഒരു യാത്രക്കാരന്‍ പറയുന്നു. പ്രധാനമന്ത്രി മോഡി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോ? പാത സഞ്ചാരയോഗ്യമാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോ? എന്ന് മറ്റൊരു യാത്രക്കാരന്‍ ചോദിച്ചു.
ഈ മാസം 12 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ മിനുസമേറിയ ടാറിങില്‍ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങള്‍ തെന്നുന്നെന്ന പരാതിയില്‍ ദേശീയപാത അതോറിറ്റി നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
കഴിഞ്ഞ മഴക്കാലത്തും എക്പ്രസ് വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിര്‍മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കോണ്‍ഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അറ്റകുറ്റപണികള്‍ നടത്തി ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.