ഛിന്നഗ്രഹത്തിൽ നിന്നും ധൂളികൾ ശേഖരിച്ച് ജാപ്പനീസ് പേടകം ഭൂമിയിൽ എത്തി

ഛിന്നഗ്രഹത്തിൽ നിന്നും ധൂളികൾ ശേഖരിച്ച് ജാപ്പനീസ് പേടകം ഭൂമിയിൽ എത്തി

ടോക്കിയോ : ജപ്പാനിലെ ബഹിരാകാശ ഏജൻസി , റ്യൂഗു എന്ന ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് പാറ സാമ്പിളുകൾ വഹിക്കുന്ന ഒരു പേടകം ഭൂമിയിൽഎത്തിച്ചു. 300 ദശലക്ഷം കിലോമീറ്റർ (180 ദശലക്ഷം മൈൽ) അകലെയുള്ള റ്യൂഗു എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തിക്കുന്നതിനായി ഹയാബൂസ 2 എന്ന ബഹിരാകാശ പേടകം ശനിയാഴ്ച , ഒരു ചെറിയ പേടകം പുറത്തിറക്കി ഭൂമിയിലേക്ക് അയച്ചതായി ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്സ) അറിയിച്ചിരുന്നു . പിന്നാലെ  പേടകം ഭൂമിയിൽ ഇറങ്ങിയതായി പേടകം വന്നിറങ്ങി ഏകദേശം നാല് മണിക്കൂറിന് ശേഷം ഒരു ട്വീറ്റിൽ ഏജൻസി അറിയിച്ചു.

നാസയുടെ ഒസിരിസ്-റെക്സ് ബഹിരാകാശ പേടകം ബെനു എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ള ഉപരിതല സാമ്പിളുകൾ വിജയകരമായി ശേഖരിച്ചിരുന്നു. ഈ സാമ്പിളുകൾ ഭൂമിയിലെത്തുവാൻ 2023 വരെ കാത്തിരിക്കണം . അതേസമയം, ചൈന ഈ ആഴ്ച തങ്ങളുടെ ചൈനയുടെ ചാങ് 5 ചന്ദ്രനിലെ സാമ്പിളുകൾ ശേഖരിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരുന്നതിനായി തയ്യാറെടുക്കുകയുംചെയ്യുന്നു .

ഞായറാഴ്ച അതിരാവിലെ, പേടകം ഭൂമിയിൽ നിന്ന് 120 കിലോമീറ്റർ (75 മൈൽ) അകലെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ ഒരു തീഗോളമായി മാറി. നിലത്തുനിന്ന് 10 കിലോമീറ്റർ (6 മൈൽ) ഉയരത്തിൽ, ഒരു പാരച്യൂട്ട് പേടകത്തിന്റെ പതനം മന്ദഗതിയിലാക്കുവാൻ വേണ്ടി തുറക്കുകയും പേടകത്തിന്റെ സ്ഥാനം സൂചിപ്പിക്കുന്നതിന് ബീക്കൺ സിഗ്നലുകൾ അയക്കുകയും ചെയ്തു.



ടോക്കിയോയ്ക്കടുത്തുള്ള സാഗാമിഹാരയിലെ കമാൻഡ് സെന്ററിൽ നിന്ന് വിജയകരമായി പേടകത്തിന്റെ തിരിച്ചുവരവും സുരക്ഷിതമായ ലാൻഡിംഗും ആഘോഷിക്കുന്നതിനിടെ ജാക്‌സയുടെ ഹയാബൂസ 2 പ്രോജക്ട് മാനേജർ യുചി സൂഡ പറഞ്ഞു “ഇത് വളരെ മികച്ചതായിരുന്നു… ഒരു മനോഹരമായ തീഗോളം പോലെ ആയിരുന്നു, ഇത് എന്നെ അതിശയിപ്പിച്ചു.

കൃത്യമായ നിയന്ത്രണം ആവശ്യമുള്ള ഒരു വെല്ലുവിളി നിറഞ്ഞ ഓപ്പറേഷനിലൂടെയാണ് ഹയാബൂസ 2 ൽ നിന്ന് പേടകം വേർപെടുത്തി 220,000 കിലോമീറ്റർ (136,700 മൈൽ) അകലെ ഭൂമിയിൽ ഇറങ്ങിയത്. പേടകം ഭൂമിയിൽ വീണ്ടും പ്രവേശിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ഓസ്‌ട്രേലിയയിലെ വൂമെറയിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് പേടകം കണ്ടെത്തിയതായി ജാക്സ പറഞ്ഞു.



ഏകദേശം 40 സെന്റീമീറ്റർ (15 ഇഞ്ച്) വ്യാസമുള്ള പാൻ ആകൃതിയിലുള്ള പേടകം വീണ്ടെടുക്കൽ ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് പൂർത്തിയായി. ഓസ്‌ട്രേലിയൻ ലാബിൽ പ്രാഥമിക സുരക്ഷാ പരിശോധന നടത്തി ക്യാപ്‌സ്യൂൾ അടുത്തയാഴ്ച ജപ്പാനിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജാക്‌സ അധികൃതർ അറിയിച്ചു .

ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ പ്രപഞ്ചം രൂപപ്പെട്ട കാലം മുതൽ മാറ്റമില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയെപ്പോലുള്ള വലിയ ആകാശഗോളങ്ങൾ ചൂടാകലും ഖനീഭവിക്കലും ഉൾപ്പെടെയുള്ള സമൂലമായ മാറ്റങ്ങളിലൂടെ കടന്നുപോയി, അവയുടെ ഉപരിതലത്തിലും താഴെയുമുള്ള വസ്തുക്കളുടെ ഘടനയിൽ നിരവധി മാറ്റങ്ങൾ ഉണ്ടായി.

എന്നാൽ “ചെറിയ ഗ്രഹങ്ങളിലോ ചെറിയ ഛിന്നഗ്രഹങ്ങളിലോ വരുമ്പോൾ ഈ പദാർത്ഥങ്ങൾ ഉരുകിയിട്ടില്ല, അതിനാൽ 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള പദാർത്ഥങ്ങൾ ഇപ്പോഴും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു,”മിഷൻ മാനേജർ മക്കോടോ യോഷിക്കാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാമ്പിളുകളിൽ ജൈവവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ പ്രത്യേകിച്ചും ശ്രദ്ധാലുക്കളാണ്. ഇത് ഭൂമിയിലെ ജീവന്റെ ഉറവിടത്തെ മനസിലാക്കുവാൻ സഹായിച്ചേക്കാം. “ഭൂമിയിലെ ജീവന്റെ ഉത്ഭവം ഇപ്പോഴും നമ്മൾക്ക് അറിയില്ല, ഈ ഹയാബൂസ -2 ദൗത്യത്തിലൂടെ, റ്യുഗുവിൽ നിന്നുള്ള ഈ ജൈവവസ്തുക്കളെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും ഞങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഈ ജൈവവസ്തുക്കളാണ് ഭൂമിയിലെ ജീവന്റെ ഉറവിടം ” യോഷികാവ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.