കൊച്ചി: സഭയ്ക്ക് എന്നും ദിശാബോധം നല്‍കിയ അജപാലക ശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
കെസിബിസിയുടെയും സിബിസിഐയുടെയും അധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഭാരത സഭയുടെ അഭിമാനമാണ്. സീറോ മലബാര്‍ സഭയുടെ ദര്‍ശനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് അദ്ദേഹത്തിനുണ്ട്. അജപാലന ശുശ്രൂഷയുടെ പുതിയ വഴികള്‍ ചങ്ങനാശേരി അതിരൂപതയ്ക്കും കാഞ്ഞിരപ്പിള്ളി രൂപതയ്ക്കും അദ്ദേഹം പകര്‍ന്നു നല്‍കി. സഭാ ശുശ്രൂഷയില്‍ പുതിയ വെളിച്ചം അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്.
വിദ്യാഭ്യാസ, വികസന മേഖലകളില്‍ മാര്‍ പൗവ്വത്തിലിന്റെ കാഴ്ചപ്പാടുകളും സമര്‍പ്പണ പൂര്‍വകമായ പ്രവര്‍ത്തനങ്ങളും വേറിട്ടതും ശ്രദ്ധേയവുമായിരുന്നു. പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി, കുട്ടനാട് വികസന സമിതി തുടങ്ങിയവയിലൂടെ അവികസിത മേഖലകളുടെ വളര്‍ച്ചയില്‍ മനസും ഊര്‍ജവും സമര്‍പ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മലയോര കര്‍ഷകരുടെയും കുട്ടനാടന്‍ ജനതയുടെയും അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അനുഭവിക്കാനും അദ്ദേഹത്തിനായെന്നും മാര്‍ ക്ലീമിസ് വ്യക്തമാക്കി.
വിദ്യാഭ്യാസത്തിലൂടെയാണ് വികസനം സാധ്യമാവുകയെന്ന കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കേരള സഭയിലും ഭാരത സഭയിലും വിദ്യാഭ്യാസ ദര്‍ശനത്തിന് വലിയ ബലം നല്‍കിയ പ്രതിഭയാണ് മാര്‍ പൗവ്വത്തില്‍. കാര്‍ക്കശ്യമുള്ള നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഭാരത സംസ്‌കാരത്തിന്റെ നിലനില്‍പിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം സാര്‍വത്രികമാകണമെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു.
നിലപാടുകളിലെ കാര്‍ക്കശ്യം മാര്‍ പൗവ്വത്തിലിനെ വ്യത്യസ്തനാക്കുമ്പോഴും ജീവിതത്തിലെ ലാളിത്യം പുരോഹിതനായ കാലം മുതല്‍ മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. മാര്‍ പൗവ്വത്തില്‍ എന്ന വലിയ ആത്മീയ മനുഷ്യന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രാര്‍ഥനയും അനുശോചനവും അറിയിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v