ഐ.എസ്.എൽ: നാലാം കിരീടമണിഞ്ഞ് എ.ടി.കെ; ബംഗളൂരു വീണത് ഷൂട്ടൗട്ടിൽ

ഐ.എസ്.എൽ: നാലാം കിരീടമണിഞ്ഞ് എ.ടി.കെ; ബംഗളൂരു വീണത് ഷൂട്ടൗട്ടിൽ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനലിൽ ബംഗളൂരു എഫ്.സിയെ വീഴ്ത്തി ഐ.ടി.കെ മോഹൻ ബഗാന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഐ.ടി.കെയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു ഗോളുകളുമായി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് എ.ടി.കെയുടെ ജയം.

എ.ടി.കെയുടെ നാലാം ഐ.എസ്.എൽ കിരീടമാണിത്. നിശ്ചിത സമയത്ത് മോഹൻ ബഗാനായി ദിമിത്രി പെട്രാറ്റോസ് ഇരട്ടഗോൾ നേടി. ബംഗളൂരുവിന് വേണ്ടി ആദ്യ പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റൻ സുനിൽ ഛേത്രിയും രണ്ടാം പകുതിയിൽ റോയ് കൃഷ്ണയുമാണ് ഗോൾ നേടിയത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാനായി ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാസോ, കിയാൻ ഗിരി, മൺവീർ എന്നിവർ ലക്ഷ്യം കണ്ടു. ബംഗളൂരുവിനായി അലൻ കോസ്റ്റ, റോയ് കൃഷ്ണ, സുനിൽ ഛേത്രി, എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബ്രൂണോ സിൽവ, പാബ്ലോ പെരസ് എന്നിവർ അവസരം നഷ്ടപ്പെടുത്തി.

നേരത്തെ, ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസിന്‍റെ പെനാൽറ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. മത്സരത്തിന്‍റെ 14ാം മിനിറ്റിലാണ് മോഹൻ ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വധിച്ചത്. കോർണർ കിക്കിൽ ദിമിത്രി പെട്രാറ്റോസ് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് റോയ് കൃഷ്ണയുടെ കൈയിൽ തട്ടുകയായിരുന്നു. കിക്കെടുത്ത പെട്രറ്റോസ് പന്ത് അനായാസം വലയിലെത്തിച്ചു.

ആദ്യപകുതിയിൽ എ.ടി.കെ ലീഡ് നിലനിർത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി സുനിൽ ഛേത്രി ടീമിന് സമനില സമ്മാനിച്ചത്. 

78ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു. കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് മോഹന്‍ ബഗാന്‍ പ്രതിരോധതാരത്തിന്റെ തലയിൽ തട്ടി നേരെ മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ മുന്നിലേക്ക്. വായുവിലേക്ക് ചാടിയുയര്‍ന്ന റോയ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 

85ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി ഗോളാക്കി പെട്രാറ്റോസ് എ.ടി.കെയെ ഒപ്പമെത്തിച്ചു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്തുവെച്ച് പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പെട്രറ്റോസിന് ഇത്തവണയും പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി പെട്രറ്റോസിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിൽ.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം ശിവശക്തി നാരായൺ പരിക്കേറ്റ് പുറത്തുപോയത് ബംഗളൂരുവിന് തിരിച്ചടിയായി. പകരക്കാരനായി സുനിൽ ഛേത്രി കളത്തിലെത്തിയത്തോടെ മത്സരത്തിന്റെ വീറും വാശിയും ഇരട്ടിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.