അമൃത്സര്‍: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു.
എന്നാൽ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമൃത്പാൽ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നാണ് ഇമാൻ സിങ് ഖാര ആരോപിച്ചു. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
ഷാഹ്‌കോട്ടിൽവച്ച് അമൃത്പാൽ സിംഗിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തെന്നും, പിടികൂടിയിട്ട് 24 മണിക്കൂർ പിന്നിട്ടെങ്കിലും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. അമൃത്പാൽ സിംഗിനെ കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം പഞ്ചാബിൽ ഇന്ന് കൂടി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. എസ്.എം.എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷം നേരിടാൻ പഞ്ചാബ് പൊലീസിനെയും അർധ സൈനിക വിഭാഗത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.