'അറിവിന്റെ വെളിച്ചം പരത്താന്‍ പ്രയത്‌നിച്ച വ്യക്തി'; മാര്‍ പൗവ്വത്തിലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

'അറിവിന്റെ വെളിച്ചം പരത്താന്‍ പ്രയത്‌നിച്ച വ്യക്തി'; മാര്‍ പൗവ്വത്തിലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അറിവിന്റെ വെളിച്ചം പരത്താന്‍ പ്രയത്‌നിച്ച വ്യക്തിയാണ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കര്‍ഷകരെ ശാക്തികരിക്കാനുമാണ് അദ്ദേഹം ജീവിതം സമര്‍പ്പിച്ചത്. സമൂഹത്തിനും രാജ്യത്തിനുമായി മാര്‍ ജോസഫ് പൗവ്വത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.

സീറോ മലബാര്‍ സഭ ചങ്ങനാശേരി രൂപതാ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിന് ഇന്നലെയാണ് വിശ്വാസി സമൂഹം വിട നല്‍കിയത്. സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങളാണ് വന്ദ്യപിതാവിനെ ഒരു നോക്ക് കാണാന്‍ എത്തിയത്. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേര്‍ന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവ്വത്തിലിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, മന്ത്രമാരായ കെ. എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയും മാര്‍ പൗവ്വത്തിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതുവരെ നീണ്ട പൊതുദര്‍ശനത്തിനു ശേഷം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കുര്‍ബാന മൂന്ന് മണിക്കൂറോളം നീണ്ടു.

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിക്ക് ചുറ്റും ഭൗതിക ശരീരവുമായി നഗരി കാണിക്കല്‍ ചടങ്ങും നടന്നു. പൗവത്തിലിന്റെ ജീവിതരേഖ അടയാളപ്പെടുത്തിയ ഏഴു ചെമ്പു ഫലകങ്ങളും കല്ലറയില്‍ നിക്ഷേപിച്ചു. 1985 നവംബര്‍ അഞ്ച് മുതല്‍ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു മാര്‍ പൗവ്വത്തില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.