ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ
നസ്രാണികളുടെ സഭയുടെയും സമുദായത്തിൻ്റെയും ആചാര്യനായിരുന്ന മഹാപ്രതിഭാസമായിരുന്നു പൗവ്വത്തിൽ പിതാവ്. അരനൂറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ മേല്പട്ട ശുശ്രൂഷയുടെ കാലയളവ് സീറോ മലബാർ സഭയെ സംബന്ധിച്ച് പുനരുജ്ജീവന കാലമായിരുന്നു. അവകാശങ്ങൾക്ക് വേണ്ടി പോരാടി നേടിയ കാലഘട്ടം തന്നെയായിരുന്നു ഇത്. സഭയിലും സമൂഹത്തിലും അവകാശങ്ങൾ കണക്കുപറഞ്ഞ് നേടിയെടുത്ത "പൗവ്വത്തിൽ യുഗം" സഭയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു എന്ന് നിസ്സംശയം പറയാം. സഭയ്ക്ക് അർക്കദിയാക്കോനായി പിതാവ് ഉണ്ടായിരുന്നു. "എനിക്ക് ജീവിക്കുക എന്നാൽ സഭയാണ്" എന്ന് പറയുക മാത്രമല്ല അദ്ദേഹം ചെയ്തത് എന്ന് അദ്ദേഹത്തിന് ലഭിച്ച കബറടക്ക കൂദാശ തന്നെയാണ് ഏറ്റവും മഹത്തരമായ സാക്ഷ്യം. സീറോ മലബാർ സഭയിൽ എന്ന് മാത്രമല്ല, സുറിയാനി സഭകളിൽ എന്നുമല്ല, കേരളം കണ്ട ഏറ്റവും രാജകീയ യാത്രയയപ്പ് ലഭിച്ചത് പൗവ്വത്തിൽ പിതാവിന് തന്നെയാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ മാത്രം ഇടയനായിരുന്നില്ല പിതാവ്, മലയാളക്കരയുടെ ധാർമ്മികതയുടെ ശബ്ദമായിരുന്നു.
ഒരു മനുഷ്യനെ ഏറ്റവും അടുത്ത് അറിയുന്നവരാണ് ആ മനുഷ്യനെ ഏറ്റവും അധികം സ്നേഹിക്കുന്നത്. പക്ഷേ പിതാവിൻ്റെ കാര്യത്തിൽ അത് ശരിയായിരുന്നില്ല. കേട്ടറിവിലൂടെ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരാണ് അധികവും.
എനിക്ക് വ്യക്തിപരമായി പിതാവിനെ കാണുവാൻ ഭാഗ്യം ഉണ്ടായത് ഒരിക്കൽ മാത്രമാണ്. കഴിഞ്ഞ കൊല്ലം മണ്ണൂരാംപറമ്പിൽ അച്ചൻ്റെ പുസ്തക പ്രകാശനത്തിന് ആയിരുന്നു അത്. എൻ്റെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും സംഭവം. അങ്ങനെ ദൈവം ആ അസുലഭ അനുഗ്രഹം എനിക്കും തന്നു. പക്ഷേ പിതാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അനേകർ പിതാവിനെ സ്നേഹിക്കുന്നു എന്നത് സുവ്യക്തമായ കാര്യമാണ്.
പിതാവ് വ്യക്തിപരമായി ശത്രുത പുലർത്താത്തവരും എന്നാൽ അദ്ദേഹത്തിൻ്റെ ഉറച്ച നിലപാടുകളുടെ പേരിൽ പിതാവിനെ ആജന്മ ശത്രുവായി കണ്ട രാഷ്ട്രീയക്കാർ പോലും അദേഹത്തിൻ്റെ മുന്നിൽ ഒന്നുമല്ലാതായി പോയതും നമ്മൾ കണ്ടു.
ഭൂമിയിൽ ഒരു മനുഷ്യനു ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും അദ്ദേഹം സഭയ്ക്ക് വേണ്ടി ചെയ്തു. ചരിത്രത്തിൽ ഇന്നുവരെ ഒരു സീറോ മലബാർ മെത്രാന് കിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും രാജകീയ യാത്രയയപ്പ് കിട്ടിയത് പൗവ്വത്തിൽ പിതാവിനാണ്. ഇന്നുവരെ ആർക്കും ഇത്രയും പ്രൗഢമായ ഒരു യാത്രയയപ്പ് കിട്ടിയിട്ടില്ല, ഇനി ആർക്കും ഒരിക്കലും കിട്ടുകയുമില്ല.
മാർ അപ്രേമിനെ പോലെ സുറിയാനി സഭയ്ക്ക് മുഴുവൻ കിരീടമാണ് പൗവ്വത്തിൽ പിതാവ്. അത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച എല്ലാവർക്കും സംശയം കൂടാതെ പറയാം. പിതാവിനെ കണ്ടിട്ട് പോലും ഇല്ലാത്ത, ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച് വളർന്ന നസ്രാണി യുവാക്കളെ പോലും പിതാവ് സ്വാധീനിച്ചു. ഇനിയും സ്വാധീനിക്കും. അത് ഉറപ്പാണ്. അതിന് തെളിവാണ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
സഭയ്ക്ക് പുറത്ത് നിന്ന് ഉണ്ടായ അനുശോചന സന്ദേശങ്ങളിൽ പോലും എല്ലായിടത്തും മുഴങ്ങി കേട്ടത് "പിതാവ് സഭയുടെ പാരമ്പര്യങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി" ജീവിച്ച വ്യക്തിയാണ് എന്നാണ്. അക്രൈസ്തവ നേതാക്കൾ പോലും എടുത്ത് പറഞ്ഞ കാര്യമാണ് ഇത്.
പിതാവ് ശരിയാണ്, അന്നും ഇന്നും എന്നും. അതുകൊണ്ട് പിതാവിന് ഒരിക്കലും മരണമില്ല.
പിതാവിൻ്റെ പുസ്തകങ്ങൾ ഒന്നും ഞാൻ വായിച്ചത് ഓർമ്മിക്കുന്നില്ല. പക്ഷേ പിതാവ് ഊർജമായിരുന്നു. ഇനിയും അങ്ങനെ ആയിരിക്കുക തന്നെ ചെയ്യും. ഓരോ സഭാസ്നേഹിയും തങ്ങളുടെ പ്രവർത്തനങ്ങളിൽ ഈ മഹാമാനുഷനോട് കടപ്പെട്ടിരിക്കുന്നു. ഓരോ പരിശുദ്ധ കുർബാന അർപ്പണത്തിലും, ഓരോ യാമ ശുശ്രൂഷകളിലും, ഓരോ ആരാധന ക്രമ പുസ്തകങ്ങൾ കയ്യിൽ എടുക്കുമ്പോഴും അദ്ദേഹം ഏതെങ്കിലും വിധത്തിൽ അനുസ്മരിക്കപ്പെട്ടിരിക്കും തീർച്ച. ശത്രുക്കൾ ആക്ഷേപിക്കുന്ന അദ്ദേഹത്തിൻ്റെ "പിടിവാശി"യാണ് ഇതൊക്കെ നമുക്ക് ലഭ്യമാകുവാനുള്ള ഒരു മുഖ്യ കാരണം.
പൗവ്വത്തിൽ കുരിശ് എന്ന് മാർത്തോമ്മാ സ്ലീവായെ ആക്ഷേപിക്കുന്നവർ ഉണ്ട്. പക്ഷേ അത് ഒരിക്കലും ആക്ഷേപം ആയി കരുതേണ്ട കാര്യമില്ല. പിതാവിനും നൂറ്റാണ്ടുകൾക്ക് മുൻപ് നസ്രാണികൾക്ക് മൈലാപ്പൂർ സ്ലീവാ വിശുദ്ധമായിരുന്നു. പക്ഷേ അതിന് കൂടുതൽ പ്രചാരവും സ്വീകാര്യതയും നൽകിയത് പൗവ്വത്തിൽ പിതാവാണ്. അതുകൊണ്ട് പൗവ്വത്തിൽ സ്ലീവാ എന്ന് "ബ്രാൻഡ്" ചെയ്യപ്പെട്ടാൽ അത് ആക്ഷേപമല്ല, പിന്നെയോ അഭിമാനമാണ്.
അദ്ദേഹം ഒരു കൽദായ വാദി ആയിരുന്നു എങ്കിൽ എന്ന് വെറുതെ ചിന്തിച്ച് പോകുന്നു.... അങ്ങനെ ആയിരുന്നു എങ്കിൽ നസ്രാണി സഭ അവളുടെ പൂർണ്ണ മഹത്വം എന്നേ വീണ്ടെടുത്തേനെ.....
പക്ഷേ കൽദായവാദി ആകാതെ തന്നെ അദ്ദേഹം ഓരോ സഭാസ്നേഹിക്കും നടക്കുവാനുള്ള വഴിയൊരുക്കി സഹായിച്ചു.
ശ്ലൈഹികസഭ ആരാധനയ്ക്ക് ഒരുമിച്ച് കൂട്ടപ്പെട്ട സത്യവിശ്വാസികളുടെ കൂട്ടമാണ്. ആരാധിക്കാൻ ക്രമം വേണം, അതാണ് ആരാധന ക്രമം.
നിൻ്റെ വിശ്വാസം എന്താണ് എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു ശ്ലൈഹികസഭയിലെ അംഗം പറയണം അത് എൻ്റെ സഭ പഠിപ്പിക്കുന്നതാണെന്ന്.
എന്താണ് നിൻ്റെ സഭ പഠിപ്പിക്കുന്നത് എന്ന് വീണ്ടും ചോദിച്ചാൽ, എൻ്റെ സഭയുടെ ആരാധന ക്രമത്തിലേക്ക് നോക്കിയാൽ മതി എന്ന് നമുക്ക് പറയാൻ സാധിക്കണം. അത് പിതാവ് ജീവിതംകൊണ്ട് പഠിപ്പിച്ച പാഠമാണ്. സഭയുടെ അടിസ്ഥാനം ആരാധന ക്രമം തന്നെയാണ്. അവിടെയാണ് നമ്മുടെ ഓർത്തഡോക്സി അഥവാ സത്യവിശ്വാസം നമുക്ക് കണ്ടെത്താൻ കഴിയുക. ആരാധന ക്രമം ഇല്ലെങ്കിൽ സഭ വെറും ആൾക്കൂട്ടം മാത്രമാണ്, അത് ഒരിക്കലും സഭയല്ല.
മതത്തിൻ്റെയും സഭകളുടെയും രൂപതകളുടെയും വേർതിരിവുകൾ ഇല്ലാതെ സ്നേഹിക്കപ്പെട്ട പിതാവ് ആണ് പൗവ്വത്തിൽ പിതാവ്. ഇക്കൂട്ടത്തിൽ ഒന്നുരണ്ട് കാര്യങ്ങൾ പറയാതെ പോയാൽ ഒരിക്കലും ശരിയാകില്ല. പിതാവിന് ഒരു എഴുത്ത് എഴുതിയിട്ട് മറുപടി കിട്ടാത്ത ആരും ഉണ്ടാവില്ല, സ്വന്തം കൈപ്പടയിൽ അദ്ദേഹം എല്ലാവർക്കും മറുപടി എഴുതി. അത് മാത്രം മതി അദ്ദേഹത്തിൻ്റെ "ശുശ്രൂഷാ മനോഭാവം" മനസ്സിലാക്കാൻ. ഇന്ന് സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇക്കാലത്ത്, ഒരു ജന്മദിന ആശംസ അയച്ചാൽ മറുപടി ആയി ഒരു സ്മൈലി അയയ്ക്കാൻ പോലും മാന്യത ഇല്ലാത്ത മെത്രാന്മാർക്ക് മുന്നിലെ വെല്ലുവിളി ആണ് പൗവ്വത്തിൽ പിതാവ്. ഒരു സെക്കൻ്റ് നേരം കൊണ്ട് ഒരു മറുപടി അയച്ചാൽ നിങ്ങൾക്ക് ഒന്നും നഷ്ടമാവില്ല പ്രിയ മെത്രാന്മാരേ....
പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആയപ്പോൾ മുതൽ "അദ്ദേഹത്തെ ശത്രുക്കൾ ആയി കാണുന്ന" മനുഷ്യവംശത്തിന് തന്നെയും അപമാനമായ കുറച്ച് പേർ ആഘോഷിക്കുന്നത് കണ്ടു. അതിൽ മെത്രാന്മാരും വൈദികരും അൽമായരും ഉണ്ട്. പക്ഷേ അവരുടെ ഈ പ്രകടനങ്ങൾ കൊണ്ട് ആർക്ക്, എന്ത് ലാഭം ഉണ്ടായി? ലാഭം ഉണ്ടായെങ്കിൽ അത് പൗവ്വത്തിൽ പിതാവിന് മാത്രമാണ്; അദ്ദേഹം മുറുകെപ്പിടിച്ച ആശയങ്ങൾക്ക് മാത്രമാണ്. പൂർണചന്ദ്രനെ കണ്ട് ആരൊക്കെ കുരച്ചാലും പൂർണചന്ദ്രന് എന്തെങ്കിലും പറ്റുമോ?
കുറച്ച് ആളുകൾ കൂടി ആ നിലാവിനെ അടുത്ത് അറിയും എന്നതാണ് സംഭവിക്കുക, അത് സംഭവിക്കുകയും ചെയ്തു.
വൈരാഗ്യം കൊണ്ടോ ജാള്യത കൊണ്ടോ വിശുദ്ധമായ ശുശ്രൂഷകളിൽ നിന്ന് ഒഴിഞ്ഞു മാറിയ മെത്രാന്മാർക്ക് നല്ല നമസ്കാരം. നിങ്ങള് സാന്നിധ്യം കൊണ്ട് അശുദ്ധമാക്കാതിരുന്നത് കൊണ്ട് ശുശ്രൂഷകൾ അതിൻ്റെ പൂർണ്ണതയിൽ, സമ്പന്നതയിൽ നടന്നു.
പൗവ്വത്തിൽ പിതാവ് മരിച്ചു എന്നതിൽ നമുക്ക് സങ്കടം വേണ്ട, കാരണം നമുക്ക് ഒരു മധ്യസ്ഥൻ സ്വർഗ്ഗത്തിൽ ജനിച്ചിരിക്കുന്നു. നമ്മുടെ സഭയെ അറിയുന്ന, നമ്മളെ അറിയുന്ന നമ്മുടെ പിതാവ്. ഈശോയുടെ സഭയ്ക്ക് ഒന്നും സംഭവിക്കാതെ, "സത്യവിശ്വാസത്തിലും സൽപ്രവർത്തികളിലും" ഉറച്ച് നിൽകുവാൻ സഭയ്ക്ക് വേണ്ടി ഇനിയും അദ്ദേഹത്തിൻ്റെ പ്രാർത്ഥനകളും ആശീർവാദവും എന്നും ഉണ്ടാവും.
ܙܸܠܘ ܒܲܫܠܵܡܵܐ ܟܘܼܡܪܵܐ ܪܲܒܵܐ: ܢܵܛܘܿܪܵܐ ܕܬܪܝܼܨܘܼܬ ܗܲܝܡܵܢܘܼܬܵܐ ܘܪܥܵܝܵܐ ܛܵܒ݂ܵܐ ܘܣܵܗܕܵܐ ܕܠܵܐ ܕܡܵܐ ܘܟܠܝܼܠܵܐ ܕܥܹܕܬܵܐ ܕܡܵܠܲܒܵܪ ܣܘܼܪܝܵܝܵܐ.
ഓർത്തോഡോക്സിയുടെ സംരക്ഷകനും നല്ലയിടയനും രക്തംചിന്താത്ത സഹദായും മലബാർ പള്ളിയുടെ കിരീടവുമായ മഹാപുരോഹിതാ, സമാധാനത്തിൽ പോകുവിൻ.......
ܐܲܦܝܼܣ ܚܠܵܦܲܝܢ ഞങ്ങൾക്കായി അപേക്ഷിക്കണമേ.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26