വാഷിങ്ടണ്‍: അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ടിക്‌ടോക് നിരോധിക്കാന്‍ നീക്കം നടക്കുന്നതിനിടെ യു.എസ്. കോണ്‍ഗ്രസ് സമിതിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയില്‍ ചൈനീസ് ആപ്പായ ടിക്‌ടോക് നിരോധിക്കാന്‍ നീക്കം നടക്കുന്നത്. 
അതേസമയം, ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നില്ലെന്ന് വ്യക്തമാക്കിയ ഷൗ സി ച്യൂ, ടിക് ടോക്കിനെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുമ്പോട്ട് വച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞു. ആരോപണങ്ങളെല്ലാം സാങ്കല്‍പികവും സിദ്ധാന്തങ്ങളും മാത്രമാണെന്നും ദേശീയ സുരക്ഷയ്ക്ക് ടിക്‌ടോക് ഭീഷണിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെന്നും യുഎസ് കോണ്‍ഗ്രസിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ടിക് ടോക് ഉപയോഗിച്ച് ചൈന പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് അമേരിക്ക ആപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആപ്പിന്റെ ഡേറ്റ സുരക്ഷ, സ്വകാര്യതാ രീതികള്‍, സര്‍ക്കാരുമായുള്ള ബന്ധങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിശദീകരിക്കുന്നതിനുമായി ടിക് ടോക് സിഇഒ ഷൗ സി ച്യൂ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക് ടോക്കിനെ രാജ്യത്ത് നിലനിര്‍ത്തണമെങ്കില്‍ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിനെ ഉടമസ്ഥതയില്‍ നിന്ന് മാറ്റി അമേരിക്കന്‍ കമ്പനിയെ കൊണ്ടുവരണമെന്നാണ് അമേരിക്കയുടെ ആവശ്യം.
നാലു മണിക്കൂര്‍ നീണ്ട് നിന്ന വാദത്തില്‍ ടിക് ടോക് ആപ്പ് ചൈനീസ് സര്‍ക്കാരിനോ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കോ ഡാറ്റ പങ്കുവെച്ചിട്ടില്ലെന്നും അമേരിക്കയിലെ 1233 കോടിയിലധികം വരുന്ന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിന് ഇത് കാരണമാകില്ലെന്നും ഷൗ സി ച്യൂ ആവര്‍ത്തിച്ചു പറഞ്ഞു.
കോടിക്കണക്കിന് ഉപയോക്താക്കളുണ്ടായിരുന്ന ഇന്ത്യ, സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ടിക് ടോക് നിരോധിച്ചകാര്യം സമിതി അംഗങ്ങള്‍ ഉന്നയിച്ചു. 2020ലാണ് ഇന്ത്യ ദേശീയ സുരക്ഷ കണക്കിലെടുത്ത് ആപ്പ് നിരോധിച്ചത്. കുട്ടികളുടെ വൈകാരിക ആശങ്കകളെ വഷളാക്കുന്നതില്‍ ടിക് ടോക്കിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നു. അതേസമയം, ടിക് ടോക് ഉപയോക്താക്കളായ യുവജനങ്ങള്‍ കോണ്‍ഗ്രസ് സമിതി ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തി.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകാതിരിക്കാനും കൃത്രിമത്വം നടക്കാതിരിക്കാതെ ശ്രദ്ധിക്കാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ഷൗ സി ച്യൂ യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബീജിങ്ങിന് സ്വാധീനമില്ലെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
അമേരിക്കയ്ക്കു പുറമെ യു.കെയും ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും ടിക് ടോക്ക് ഫോണില്‍ നിന്ന് മാറ്റണമെന്നുള്ള നിര്‍ദേശങ്ങളും പുറത്തിറക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.