രാഹുലിനെ അയോഗ്യനാക്കിയതില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം: തിരുവനന്തപുരത്തും കോഴിക്കോടും മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

രാഹുലിനെ അയോഗ്യനാക്കിയതില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം: തിരുവനന്തപുരത്തും കോഴിക്കോടും മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ അക്രമാസക്തമായി. തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളില്‍ പ്രതിഷേധക്കാര്‍ കയറിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മുന്‍ വശത്ത് ടയറുകള്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ബോര്‍ഡ് തകര്‍ത്തു. വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്റ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ തുരത്തിയോടിച്ചു. ഇതിനിടെ റെയില്‍വേ പൊലീസിന്റെ വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ടി.സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ആര്‍.പി.എഫ് എസ്‌ഐക്കും പരുക്കേറ്റു.

വടക്കഞ്ചേരിയില്‍ പന്തം കൊളുത്തി പ്രകടനവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത തടഞ്ഞു. 20 മിനിറ്റോളം പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നുള്ള നീക്കത്തിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നു തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്.

രാഹുലിന്റെ ലോകസഭ മണ്ഡലമായ വയനാട്ടിലും വ്യാപക പ്രതിഷേധം അരങ്ങേറി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ ബി.എസ്.എന്‍.എല്‍ ഓഫിസ് ഉപരോധിച്ചു. ടി.സിദ്ദിഖ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

ആലുവയില്‍ നരേന്ദ്ര മോഡിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.