പാര്‍ലമെന്റ് പ്രതിഷേധം; ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കണമെന്ന് ബിജെപി

പാര്‍ലമെന്റ് പ്രതിഷേധം; ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറി എറിഞ്ഞ സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ബിജെപി. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചേര്‍ന്ന ശേഷം എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് ബിജെപി കത്ത് നല്‍കി.

സ്പീക്കറുടെ മുഖത്തേക്ക് രണ്ടു പേരും പേപ്പര്‍ കീറി എറിഞ്ഞിരുന്നു. വൈകിട്ട് സഭ ചേര്‍ന്നപ്പോഴും ഇരുവരും കരിങ്കൊടി കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ലോക് സഭയില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്.

സ്പീക്കര്‍ക്ക് നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞും, പേപ്പര്‍ കീറിയെറിഞ്ഞും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. അദാനി വിഷയത്തില്‍ കൂടി പ്രതിഷേധം കനത്തു. ഇതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക് സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവാണ് സ്പീക്കര്‍ക്ക് നേരെ കീറിയെറിഞ്ഞത്. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ മടങ്ങി.

രൂക്ഷമായ മുദ്രാവാക്യങ്ങളുമായി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും പിരിഞ്ഞു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുന്‍പിലേക്ക് പ്രതിഷേധം മാറ്റി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന സന്ദേശം നല്‍കി കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചെത്തിയ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.