ബില്‍ക്കിസ് ബാനു കേസ്; ശിക്ഷാ ഇളവിനെതിരെ കേന്ദ്ര- ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ബില്‍ക്കിസ് ബാനു കേസ്; ശിക്ഷാ ഇളവിനെതിരെ കേന്ദ്ര- ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ കേന്ദ്ര- ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതിലാണ് കോടതി നോട്ടീസ് അയച്ചത്.

പ്രതികളെ വിട്ടയച്ചതിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ ഉണ്ടോ എന്നറിയിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ച് കഴിയുന്ന പ്രതികള്‍ ജയില്‍ മോചനത്തിനായി കോടതികളെ സമീപിക്കാറുണ്ട്.

സര്‍ക്കാരുകള്‍ തീരുമാനമെടുക്കാറില്ലെന്നാണ് ജയിലില്‍ കഴിയുന്നവരുടെ പരാതി. അതുകൊണ്ടുതന്നെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ എങ്ങനെ ജയില്‍ മോചിതരാക്കി എന്നറിയണമെന്ന് ജസ്റ്റിസ് കെ.എം ജോസഫ് അഭിപ്രായപ്പെട്ടു.

ശിക്ഷാ ഇളവിനെതിരെ ബില്‍ക്കിസ് ബാനുവിന് പുറമെ സി.പി.എം. നേതാവ് സുഭാഷിണി അലി, ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ, ദേശീയ മഹിളാ ഫെഡറേഷന്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ ഏപ്രില്‍ പതിനെട്ടിന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.