മാനന്തവാടി: ക്രൈസ്തവവിരുദ്ധ പ്രവണതകൾ സമൂഹത്തിൽ പ്രബലപ്പെടുന്നതിനെതിരേയും ഭരണകൂടം കർഷക വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരേയും മാനന്തവാടി രൂപതാ വൈദികസമ്മേളനം പ്രമേയം പാസ്സാക്കി. നാനാ വിധത്തിലുള്ള വന്യമൃഗശല്യത്താലും കാർഷിക വിളകളുടെ വിലക്കുറവിനാലും കഷ്ടപ്പെടുന്ന കർഷകജനതയെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കു ന്നില്ലെന്നും അതേസമയം അവരെ ദ്രോഹിക്കുന്ന നിലപാടുകളും നിയമനിർമ്മാണങ്ങളും സ്വീകരിക്കുന്നതിൽ മടികാണിക്കുന്നില്ലെന്നും വൈദികസമ്മേളനം നിരീക്ഷിച്ചു.
കർഷകപക്ഷത്ത് നിന്ന് സംസാരിച്ച തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷനെതിരേ യഥാർത്ഥ വസ്തുതകൾ തമസ്കരിച്ചു കൊണ്ടുപോലും വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സ്വീകരിച്ച നിലപാട് തികച്ചും അപഹാസ്യമാണ്. പിതാവ് പ്രസംഗത്തിലുയർത്തിപ്പിടിച്ച കർഷകജനതയുടെ ആവശ്യങ്ങളെ പാടേ അവഗണിക്കുകയും അതിന്റെ രാഷ്ട്രീയമാനത്തെ മാത്രം ചർച്ച ചെയ്യുകയും ചെയ്ത നിലപാട് തിരുത്തപ്പെടേണ്ടതാണ്.
കക്കുകളി എന്ന നാടകം ക്രൈസ്തവവിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതും തീർത്തും അവഹേളനപരവുമായിരുന്നു. സാംസ്കാരികകേരളത്തിന് തന്നെ അപമാനകരമായ ഇത്തരം പ്രോഗ്രാമുകളെ നിയമപരമായിത്തന്നെ ഭരണകൂടം കൈകാര്യം ചെയ്യേണ്ടതുണ്ട്. മതേതരസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും വൈദികസമ്മേളനം ഏകകണ്ഠേന ആവശ്യപ്പെട്ടു. ബിഷപ് ജോസ് പൊരുന്നേടം, ബിഷപ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, മോൺ. തോമസ് മണക്കുന്നേൽ എന്നിവരും മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.