മാര്‍പ്പാപ്പയുടെ പ്രത്യാശയുടെ സന്ദേശം ബഹിരാകാശത്തേക്കും; വിക്ഷേപണത്തിനുള്ള ഉപഗ്രഹം നാളെ ആശീര്‍വദിക്കും

മാര്‍പ്പാപ്പയുടെ പ്രത്യാശയുടെ സന്ദേശം ബഹിരാകാശത്തേക്കും; വിക്ഷേപണത്തിനുള്ള ഉപഗ്രഹം നാളെ ആശീര്‍വദിക്കും

വത്തിക്കാന്‍ സിറ്റി: മാനവരാശിക്കു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടെ സന്ദേശവുമായി ബഹിരാകാശത്തേക്ക് വിക്ഷേപണത്തിനൊരുങ്ങി ഉപഗ്രഹം. ജൂണ്‍ പത്തിന് ഭൂമിയില്‍നിന്ന് വിക്ഷേപണത്തിനു തയ്യാറെടുക്കുന്ന ഈ ഉപഗ്രഹത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശമടങ്ങിയ നാനോ ബുക്കും ഉള്‍പ്പെടുത്തും. ഉപഗ്രഹത്തെ നാളെ പാപ്പ ആശീര്‍വദിക്കും. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ സേനാ താവളത്തില്‍ നിന്നാണ് ഉപഗ്രഹ വിക്ഷേപണം.

വത്തിക്കാനിലെ വാര്‍ത്താ വിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷന്‍, ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ് മാര്‍പ്പാപ്പയുടെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം 'ഗാര്‍ഡിയന്‍ ഓഫ് ഹോപ്പ്' എന്ന ഉപഗ്രഹത്തില്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.


ഉപഗ്രഹം നിര്‍മാണ ഘട്ടത്തില്‍

കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ 2020 മാര്‍ച്ച് 27-ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നിന്ന് മാര്‍പ്പാപ്പ നടത്തിയ 'ഊര്‍ബി എറ്റ് ഓര്‍ബി' ആശീര്‍വാദം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് ചെറിയ ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും. 'കര്‍ത്താവേ, നീ ലോകത്തെ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യം നല്‍കേണമേ, ഞങ്ങളുടെ ഹൃദയത്തെ ആശ്വസിപ്പിക്കേണമേ' എന്ന സന്ദേശമാണിത്.

നാളെ (ബുധനാഴ്ച്ച) സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തന്റെ പ്രതിവാര പൊതു സദസിനു ശേഷം മാര്‍പ്പാപ്പ ഉപഗ്രഹത്തെയും നാനോ ബുക്കിനെയും ആശീര്‍വദിക്കും. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ജൂണ്‍ പത്തിനാണ് വിക്ഷേപണമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഒരു ഫുട്‌ബോളിന്റെ വലിപ്പമുള്ളതാണ് ഉപഗ്രഹം. ടൂറിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി നിര്‍മ്മിച്ച ഉപഗ്രഹം ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി പ്രവര്‍ത്തിപ്പിക്കും.

ഭ്രമണപഥത്തിലായിരിക്കുമ്പോള്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ പ്രത്യാശയും സമാധാനവും എന്ന വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉപഗ്രഹം സംപ്രേക്ഷണം ചെയ്യും. ഇതിനായി ഉപഗ്രഹത്തില്‍ ഒരു റേഡിയോ ട്രാന്‍സ്മിറ്ററും ഭൂമിയില്‍ നിന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ഓണ്‍ബോര്‍ഡ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.