ഏഥന്‍സ്: ഇസ്രയേലികള്‍ക്കും ജൂതന്‍മാര്‍ക്കും ഇടയില്‍ വന്‍ ആക്രമണം നടത്താനെത്തിയ രണ്ട് പാക് പൗരന്‍മാരായ ഭീകരരെ ഗ്രീക്ക് പൊലീസ് പിടികൂടി. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണ് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്.
ഭീകരരെ അറസ്റ്റ് ചെയ്ത വിവരം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇറാനിലെ ഭീകര ശൃംഖലയുടെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുള്ള ഇസ്രായേലികളെയും ജൂതരെയും ലക്ഷ്യം വച്ചുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
ഗ്രീസില്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുകയും അവരുടെ പ്രവര്‍ത്തന രീതികള്‍, ഇറാനുമായുള്ള ബന്ധം തുടങ്ങിയവ മൊസാദ് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ ഗ്രീസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
ഇരുപത്തിയേഴും ഇരുപത്തിയൊമ്പതും വയസുള്ളവരാണ് പിടിയിലായ പാകിസ്ഥാനികള്‍. പ്രതികളെ സെന്‍ട്രല്‍ ഏഥന്‍സിലെ പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇവരില്‍ നിന്നും മൂന്നാമനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ സുരക്ഷിതത്വ ബോധം തകര്‍ക്കാനാണ് അറസ്റ്റിലായവര്‍ ശ്രമിച്ചതെന്ന് ഗ്രീക്ക് പോലീസ് പറഞ്ഞു. ഗ്രീസില്‍ ആക്രമണം നടത്താനുള്ള സ്ഥലമുള്‍പ്പടെ ഭീകരര്‍ തിരഞ്ഞെടുത്തിരുന്നു. ആക്രമണത്തിനായി ആസൂത്രണവും നടത്തി. ആക്രമണം നടത്താനുള്ള അന്തിമ നിര്‍ദ്ദേശം ഇവര്‍ക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ടെഹ്‌റാനിലെ ആയത്തുള്ള ഭരണകൂടം മിഡില്‍ ഈസ്റ്റിലേക്കും മെഡിറ്ററേനിയനിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഭീകരത കയറ്റുമതി ചെയ്യുകയാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ പറഞ്ഞു.
ഇറാന്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാലും ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മൊസാദ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ അറസ്റ്റ് ചെയ്തതിന് അദ്ദേഹം ഗ്രീസിനോട് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.