തുറന്ന് വിട്ട ചീറ്റകളിലൊരെണ്ണം 20 കിലോമീറ്ററോളം സഞ്ചരിച്ച് ഗ്രാമത്തിലെത്തി; തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തുറന്ന് വിട്ട ചീറ്റകളിലൊരെണ്ണം 20 കിലോമീറ്ററോളം സഞ്ചരിച്ച് ഗ്രാമത്തിലെത്തി; തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കിലെ ഷിയോപൂര്‍ വനത്തിലേക്ക് തുറന്ന് വിട്ട രണ്ട് ചീറ്റകളിലൊന്ന് നാട്ടിലിറങ്ങി. കൊടും കാട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചീറ്റ അടുത്തുള്ള ഗ്രാമമായ ജാര്‍ ബറോഡയിലെത്തിയത്. ഒബാന്‍ എന്ന് പേരിട്ട ചീറ്റയാണ് കാട്ടില്‍ നിന്നും പുറത്ത് കടന്നത്. ചീറ്റയെ തിരികെ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരമറിഞ്ഞ് കുനോ നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ എത്തി. കഴിഞ്ഞ മാസം പതിനൊന്നിനാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ നിയന്ത്രിത മേഖലയില്‍ പാര്‍പ്പിച്ചിരുന്ന ചീറ്റകളില്‍ ആഷ, ഒബാന്‍ എന്നീ പേരുള്ള രണ്ട് ചീറ്റകളെ കാട്ടിലേക്ക് തുറന്ന് വിട്ടത്. ഇതിന് ശേഷം ചീറ്റകള്‍ വേട്ടയാടുന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി രണ്ട് ബാച്ചുകളായി ഇരുപത് ചീറ്റകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ എട്ടെണ്ണം നമീബിയയില്‍ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ്.

അടുത്തിടെ ഇന്ത്യയില്‍ കൊണ്ടുവന്ന പെണ്‍ചീറ്റകളില്‍ ഒരെണ്ണം നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. 1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചു എന്ന് കരുതിയ ചീറ്റകള്‍ക്ക് വീണ്ടും രാജ്യത്ത് താവളമൊരുക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.