കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 വര്‍ഷത്തിലേറെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.രാധാകൃഷ്ണന്‍ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായതിനെ തുടര്‍ന്നാണ് ഇവിടെ നിന്നും പോയത്. പിന്നീട് ഹൈദരാബാദ്, ചത്തീസ്ഗഢ്, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി.
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഭരണകൂടം വീഴ്ചവരുത്തുമ്പോള്‍ നേരിട്ട് ഇടപെടുന്ന ന്യായാധിപനായിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങിയിട്ടുണ്ട് അദ്ദേഹം.
അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എന്‍. ഭാസ്‌കരന്‍ നായരുടെയും എന്‍. പാറുക്കുട്ടി അമ്മയുടെയും മകനാണ്. കോളാറിലെ കെജിഎഫ് ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. 1983 ല്‍ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി. 1988 ല്‍ പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. 2004 ഒക്ടോബര്‍ 14 നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്.
2004 മുതല്‍ 2017 വരെ കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം ഇവിടെ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസുമായിരുന്നു. മീര സെന്‍ ആണ് ഭാര്യ. മക്കള്‍: പാര്‍വതി നായര്‍, കേശവരാജ് നായര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.