ഷാറൂഖിനെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകമായത് ഫോണും വീട്ടുകാരുടെ മൊഴിയും

ഷാറൂഖിനെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകമായത് ഫോണും  വീട്ടുകാരുടെ മൊഴിയും

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് തുണയായത് പ്രതിയുടെ മൊബൈല്‍ ഫോണും ഡയറിയുമെന്ന് സൂചന. വീട്ടുകാരുടെ മൊഴിയും നിര്‍ണായകമായി.

ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയത് നിര്‍ണായകമായി.

തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷന്‍ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. പൊലീസ് സംഘം തുടര്‍ന്ന് രത്നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാള്‍ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി പിടിയിലാകുന്നത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനില്‍ യാത്ര തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ആശുപത്രിയില്‍ എത്തുകയായിരുന്നു.

കാലിനേറ്റ പൊള്ളലിന് ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തി. തുടര്‍ന്ന് ഇന്ന് മഹാരാഷ്ട്ര എടിഎസ് പ്രതിയെ കേരള എടിഎസ് സംഘത്തിന് കൈമാറി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.