ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി.

ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തം.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്ര വിജയം നേടിയത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുമോയെ ആണ് പിന്തുണച്ചത്. മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

മംദാനിയുടെ വാഗ്ദാനങ്ങൾ

മേയറായാൽ സ്ഥിര വാടകക്കാരുടെ വാടക ഉടൻ മരവിപ്പിക്കുമെന്നും ന്യൂയോർക്കുകാർക്ക് ആവശ്യമായ ഭവനങ്ങൾ നിർമ്മിക്കാനും വാടക കുറയ്ക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മംദാനി വാഗ്ദാനം ചെയ്തു.

വേഗമേറിയതും സൗജന്യവുമായ ബസ്സുകൾ വാഗ്ദാനം ചെയ്തുകൊണ്ട്, മേയർ എന്ന നിലയിൽ എല്ലാ സിറ്റി ബസ്സുകളിലും നിരക്ക് ശാശ്വതമായി ഒഴിവാക്കുമെന്നും അതിലുപരി ബസ് മുൻഗണനാ പാതകൾ അതിവേഗം നിർമ്മിച്ച്, ക്യൂ ജമ്പ് സിഗ്നലുകൾ വികസിപ്പിച്ച്, ഡെഡിക്കേറ്റഡ് ലോഡിംഗ് സോണുകൾ സ്ഥാപിച്ചു ഇരട്ട പാർക്കിംഗിനെ ഒഴിവാക്കി യാത്രകൾ വേഗത്തിലാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ആറ് ആഴ്ച മുതൽ അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യ ശിശുപരിപാലനം നടപ്പിലാക്കും.

ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായ സാഹചര്യത്തിൽ, ലാഭമുണ്ടാക്കാതെ വില കുറച്ചു നിർത്താൻ ശ്രദ്ധിക്കുന്ന സിറ്റി ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ ഒരു ശൃംഖല മേയർ എന്ന നിലയിൽ സ്ഥാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.