രാജ്യത്ത് 12 വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്ക് നേരേ ഉണ്ടായത് 4959 അതിക്രമങ്ങള്‍; 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ധനവ്: കേസെടുക്കുന്നത് അപൂര്‍വം

രാജ്യത്ത് 12 വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്ക് നേരേ ഉണ്ടായത് 4959 അതിക്രമങ്ങള്‍; 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ധനവ്: കേസെടുക്കുന്നത് അപൂര്‍വം

ഇന്ത്യയില്‍ ഓരോ ദിവസവും രണ്ടിലധികം ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 10 വര്‍ഷത്തിനിടെ ക്രൈസ്തവ വിഭാഗങ്ങളോടുള്ള അതിക്രമങ്ങളില്‍ 500 ശതമാനം വര്‍ധനവ്. ക്രൈസ്തവ അവകാശ സംഘടനയായ കണ്‍സേണ്‍ഡ് ക്രിസ്ത്യന്‍ സിറ്റിസണ്‍സ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2014 ല്‍ 139 അക്രമ സംഭവങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024 ല്‍ അത് 843 ആയി വര്‍ധിച്ചെന്ന് സംഘടന വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലായി 12 വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്ക് നേരേ ഉണ്ടായത് 4959 അക്രമ സംഭവങ്ങളാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 579 അതിക്രമങ്ങളും ഉണ്ടായി. അതില്‍ 39 എണ്ണത്തില്‍ മാത്രമേ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 2014-2018 കാലയളവില്‍ 1052 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019-22 കാലയളവില്‍ 62 ശതമാനം വര്‍ധനവോടെ 1711 അക്രമങ്ങളാണ് ഉണ്ടായത്.


2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വീണ്ടും 28 ശതമാനം വര്‍ധനവ് ഉണ്ടായി. 2196 അക്രമ സംഭവങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും സംഘടന ആരോപിച്ചു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ 76.9 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുപി, ഛത്തിസ്ഗഡ്, തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. അതില്‍ തന്നെ 31 ശതമാനം അക്രമങ്ങള്‍ യുപിയിലും 22 ശതമാനം അക്രമങ്ങള്‍ ഛത്തിസ്ഗഡിലും ആണെന്ന് സംഘടന വ്യക്തമാക്കി.

ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 100 അക്രമങ്ങളാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ ഓരോ ദിവസവും രണ്ടിലധികം ക്രിസ്ത്യാനികളാണ് തങ്ങളുടെ മതപരമായ അവകാശങ്ങള്‍ നിറവേറ്റുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പള്ളികളിലോ പ്രാര്‍ത്ഥനാ യോഗങ്ങളിലോ ഉള്ള ആക്രമണങ്ങള്‍, ക്രിസ്തുമതം പിന്തുടരുന്നവരെ ഉപദ്രവിക്കല്‍, പൊതു ഇടങ്ങളിലേക്കോ മറ്റ് ഇടങ്ങളിലേക്കോ ഉള്ള പ്രവേശനം തടസപ്പെടുത്തല്‍, വ്യാജ ആരോപണങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ (പ്രത്യേകിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പേരില്‍) തുടങ്ങിയവയാണ് ഇക്കാലയളവില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങള്‍.


2024 ല്‍ ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശില്‍ നിന്നാണ് (209). തൊട്ടുപിന്നില്‍ ഛത്തിസ്ഗഡ് (165). ഇതില്‍ പല കേസുകളിലും പരാതിയുണ്ടായിട്ടും ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്തിട്ടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഈ മാസം 29 ന് ദേശീയ ക്രൈസ്തവ സമ്മേളനം ഡല്‍ഹി ജന്തര്‍മന്തറില്‍ സംഘടിപ്പിക്കുമെന്ന് കണ്‍സേണ്‍ഡ് ക്രിസ്ത്യന്‍ സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കണ്‍വീനര്‍ എ.സി മൈക്കിള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.