റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി ജഗര്‍നാഥ് മഹ്തോ അന്തരിച്ചു. 57 വയസായിരുന്നു. മാര്‍ച്ച് 14 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം 2020 നവംബറില്‍ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള പരാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെത്തിക്കുകയായിരുന്നു.
മഹ്തോയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവത്ത നഷ്ടമാണ്. പ്രക്ഷോഭങ്ങളിലെ ജനകീയ പോരാളിയെയാണ് ഝാര്‍ഖണ്ഡിന് നഷ്ടമായിരിക്കുന്നത്. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മഹ്തോയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏപ്രില്‍ ആറ് മുതല്‍ രണ്ട് ദിവസത്തെ ഔദ്യോദിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് നടത്താനിരുന്ന മന്ത്രിസഭാ യോഗവും റദ്ദാക്കി. രോഗത്തിന് മുന്നിലും യോദ്ധാവിനെ പോലെ പോരാടിയ ജഗര്‍നാഥ് ജിയുടെ വേര്‍പാട് സങ്കടകരമാണെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ മറാണ്ടി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉര്‍ജ്വസ്വലതയെ എന്നും അഭിനന്ദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജെഎംഎം എംഎല്‍എയായിരുന്നു ജഗര്‍നാഥ് മഹ്തോ. നാലുതവണയാണ് അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.