ഇടുപ്പില്‍ ചെറിയ തണുപ്പ്: തിരിഞ്ഞു നോക്കിയപ്പോള്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍; മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, സുരക്ഷിത ലാന്‍ഡിങ്

ഇടുപ്പില്‍  ചെറിയ തണുപ്പ്: തിരിഞ്ഞു നോക്കിയപ്പോള്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍; മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, സുരക്ഷിത ലാന്‍ഡിങ്

ജൊഹന്നാസ്ബര്‍ഗ്: യാത്രാ മധ്യേ ഇടുപ്പില്‍ ചെറിയ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിഞ്ഞു നോക്കിയ പൈലറ്റ് ഞെട്ടി. സീറ്റിനടിയില്‍ ശരീരത്തോട് ചേര്‍ന്ന് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ്. എങ്കിലും മനസാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി താഴെയിറക്കി യാത്രക്കാരെ പൈലറ്റ് രക്ഷിച്ചു.

ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് ഇറാസ്മസ് ആണ് നാലു യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറിയ വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. ഇറാസ്മസ് ഇരുന്ന സീറ്റിന്റെ അടിയിലാണ് മൂര്‍ഖന്‍ പാമ്പ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ദക്ഷിണാഫ്രിക്കയിലെ വോര്‍സെസ്റ്ററില്‍ നിന്ന് നെല്‍സ്പ്രൂട്ടിലേക്ക് നാലു യാത്രക്കാരുമായി പോയ ചെറുവിമാനത്തിലാണ് മൂര്‍ഖനും യാത്രക്കാരനായി എത്തിയത്.

വിമാനത്തിന്റെ ചിറകിന്റെ അടിയില്‍ തലേന്ന് പാമ്പിനെ കണ്ടതായി ജീവനക്കാര്‍ പറഞ്ഞിരുന്നതായി ഇറാസ്മസ് പറയുന്നു. ഇതിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറെനേരം വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ പാമ്പ് ഇഴഞ്ഞുപോയി കാണുമെന്ന് കരുതിയതായും ഇറാസ്മസ് പറയുന്നു.

പിറ്റേന്ന് സാധാരണ പോലെ കുപ്പി വെള്ളവുമായാണ് വിമാനം പറത്താന്‍ കയറിയത്. എളുപ്പം കുടിക്കാന്‍ കഴിയുന്ന വിധത്തില്‍ ശരീരത്തോട് ചേര്‍ത്താണ് കുപ്പി വച്ചിരുന്നത്. യാത്രാമധ്യേ കാലില്‍ തണുപ്പ് അനുഭവപ്പെട്ടു. ബോട്ടിലില്‍ നിന്ന് വെള്ളം വീണതാകാമെന്നാണ് ആദ്യം കരുതിയത്. കാലിലേക്ക് നോക്കിയപ്പോഴാണ് സീറ്റിന്റെ അടിയില്‍ നിന്ന് മൂര്‍ഖന്റെ തല കണ്ടതെന്ന് ഇറാസ്മസ് പറഞ്ഞു.

ഒരു നിമിഷം അനങ്ങാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെങ്കിലും മനസാന്നിധ്യം കൈവിടാതെ വിമാനം പറത്തുന്നത് തുടരുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരോട് തുടക്കത്തില്‍ തന്നെ കാര്യം പറഞ്ഞ് ഭയപ്പെടുത്തേണ്ടതില്ല എന്നും കരുതി.

എങ്കിലും യാത്രാവേളയില്‍ വിമാനത്തില്‍ പാമ്പ് ഉള്ള കാര്യം യാത്രക്കാരെ അറിയിക്കുകയും ഉടന്‍ തന്നെ വിമാനം താഴെ ഇറക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം വിമാനം 11000 അടി മുകളിലായിരുന്നു. വെല്‍ക്കം വിമാനത്താവളത്തോട് അടുത്തപ്പോള്‍ അധികൃതരെ വിളിച്ച് അടിയന്തര ലാന്‍ഡിങിന് അനുമതി ചോദിച്ചു.

വിമാനം താഴെ ഇറങ്ങുമ്പോള്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇതനുസരിച്ച് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ആദ്യം താഴെ ഇറക്കി. പിന്നാലെ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.