'എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം'; ഇന്ന് ലോകാരോഗ്യ ദിനം

'എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം'; ഇന്ന് ലോകാരോഗ്യ ദിനം

ഇന്ന് ലോക ആരോഗ്യദിനം. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം എന്നതാണ് ഇത്തവണത്തെ പ്രമേയം.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ആരോഗ്യം പ്രധാനമാണ്. എന്നാല്‍ ഇതിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കൂടി സംരക്ഷിക്കണമെന്നാണ് ലോക ആരോഗ്യ ദിനം ഓര്‍മിപ്പിക്കുന്നത്. ഇത് മൂന്നും ഒത്തുചേരുമ്പോള്‍ മാത്രമേ ഒരാള്‍ ആരോഗ്യവാനാണെന്ന് പറയാന്‍ കഴിയുകയുള്ളൂ. ഒരു മനുഷ്യന്റെ ആരോഗ്യമെന്നാല്‍ മാനസിക സന്തോഷവും ക്ഷേമവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ലോകാരോഗ്യസംഘടന നിലവില്‍ വന്നിട്ട് എഴുപത്തി അഞ്ച് വര്‍ഷം തികയുന്നു. ലോകാരോഗ്യ സംഘടന സ്ഥാപിതമായത് 1948 ഏപ്രില്‍ ഏഴിനാണ്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ആരോഗ്യ വിദഗ്ധ ഏജന്‍സിയാണ്.

1950ലാണ് ലോകാരോഗ്യ ദിനം ആചരിക്കാന്‍ തുടങ്ങിയത്. അതേവര്‍ഷം, ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ലോകാരോഗ്യ അസംബ്ലി നടന്നു. അന്നുമുതലാണ് എല്ലാ വര്‍ഷവും ഈ ദിനം ലോകാരോഗ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

വ്യക്തികളുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം എന്നത് ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എബോള, സാര്‍സ് വൈറസ് തുടങ്ങിയ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പ്രതിസന്ധിയാകുന്നു. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്.
ലോകത്ത് ഒട്ടനവധി ആളുകള്‍ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ സ്വയം ആരോഗ്യവാനായി ഇരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കാനായാണ് ഈ ദിനം ആചരിക്കുന്നത്.

സ്വയം ആരോഗ്യവാനായി തുടര്‍ന്നുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാകും. സ്വയം പരിപാലിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കി അതുവഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിന്തുണകള്‍ നല്‍കാം. ആരോഗ്യകരമായ ശീലങ്ങള്‍ സ്വായത്തമാക്കി ജാഗ്രതയോട് മുന്നോട്ട് പോകാന്‍ നമുക്ക് ആകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.