കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു: ബി. ജെ. പി. നേതാക്കന്മാർ ക്രൈസ്തവ നേതാക്കളെയും കുടുംബങ്ങളെയും സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. ഭരിക്കുന്ന പാർട്ടി വ്യത്യസ്ത വിശ്വാസങ്ങളുള്ളവരെ ആദരിക്കുന്നതിന്റെ അടയാളങ്ങളാണീ സന്ദർശനങ്ങളെങ്കിൽ അവ സ്വാഗതാർഹം തന്നെ. കാഴ്ചപ്പാടുകൾ വിശാലമാകുന്നത് രാജ്യനന്മക്ക് ഉപകരിക്കുമല്ലോ.
ബി.ജെ.പി. യുടെ പ്രവർത്തകരെ സ്വീകരിച്ചെന്നോ പ്രധാനമന്ത്രിയെകുറിച്ച് നല്ല വാക്കു പറഞ്ഞെന്നോ കരുതി മെത്രാന്മാരെല്ലാം ബി.ജെ.പി. അനുഭാവികളായി മാറി എന്ന രീതിയിലുള്ള ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നിറയെ പ്രചരിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ഹൃദ്യമായി സ്വീകരിക്കുന്ന സംസ്കാരമാണ് ക്രൈസ്തവ സഭകളുടേത്. വ്യത്യസ്തമായി ചിന്തിക്കുന്നവരോട് സംഭാഷണം നടത്താനുള്ള അവസരമായി മാത്രമേ അത്തരം സന്ദർഭങ്ങളെ കണ്ടിട്ടുളളു. അതല്ലാതെ, എന്തോ ക്രമക്കേട് മറക്കാനാണ് രാഷ്ട്രീയ പാർട്ടികളോട് സംസാരിക്കുന്നതെന്നുള്ള വികലമായ വ്യാഖ്യാനങ്ങൾ സഭയെ നിന്ദിക്കാനുള്ള മറ്റൊരു മാർഗമായേ ഞങ്ങൾ കാണുന്നുള്ളൂ. സഭ മുഴുവൻ ക്രമക്കേടുകളാണെന്നുള്ള വ്യാഖ്യാനമാണ് ഇത്തരം പ്രചരണങ്ങളിൽ ഉള്ളത്. ഒരു തെറ്റും ചെയ്യാത്ത ആത്മീയ നേതാക്കൾ മാധ്യമങ്ങളിൽ കൊടും കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടപ്പോഴും നിരപരാധികൾ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു കോടതികളിൽ കുറ്റക്കാരായി മുദ്രകുത്തപ്പെട്ടപ്പോഴും ആരും സഹായിച്ചതായി കേട്ടിട്ടില്ല.
പിന്നെ, ക്രൈസ്തവ പീഡനങ്ങൾ എല്ലാ സർക്കാരുകളുടെ സമയത്തും നടന്നിട്ടുണ്ട്. അവയെ അവഗണിച്ചു, ഒരു രാഷ്ട്രീയപാർട്ടിയേയും ന്യായീകരിക്കേണ്ട ആവശ്യം കേരളത്തിലെ സഭക്കില്ല. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു തെറ്റാണെന്ന നിലപാടെടുക്കാൻ ആർജവമുള്ള എത്ര പാർട്ടികൾ നമുക്കുണ്ട്? എന്ന് മാർ തോമസ് തറയിൽ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു.
സഭയും രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും
ഇന്ത്യൻ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥക്കും വിധേയമായി ജനാധിപത്യ വ്യവസ്ഥിതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണ്. മാർക്സിസ്റ്റ് പാർട്ടിയോ അവർ നേതൃത്വം കൊടുക്കുന്ന സർക്കാരോ കേരളത്തിൽ ക്രിസ്ത്യാനികളെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നില്ല. ചില കാര്യങ്ങളിൽ അത്തരം നീക്കങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളെ നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കാനോ മറികടക്കാനോ ശ്രമിച്ചിട്ടുമുണ്ട്.
ഭരണകൂടങ്ങളുമായി ആശയപരമായും പ്രായോഗികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ കൂടിയാലോചനകളിലൂടെ അവയൊക്കെ കഴിയുന്നത്ര രമ്യമായി പരിഹരിക്കുകയും, അല്ലാതുള്ളവയ്ക്കു നിയമപരമായ പരിഹാരം തേടുകയുമാണ് സഭയുടെ രീതി.
സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ് സർക്കാരാണെങ്കിലും ഇതൊക്കെത്തന്നെയാണ് സഭ ചെയ്യാറുള്ളത്.
സംസ്ഥാനം ഭരിക്കുന്ന സർക്കാരുകളോടുമാത്രമല്ല കേന്ദ്രം ഭരിക്കുന്ന സർക്കാരുകളോടും സഭയുടെ നിലപാട് എനിക്കറിയാവുന്നിടത്തോളം ഇതുതന്നെയാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ രാജ്യത്തു ക്രിസ്ത്യാനികളെയോ മറ്റേതെങ്കിലും പ്രത്യേക വിഭാഗത്തെയോ ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നതായോ, അവരെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കുന്നതായോ സഭക്കഭിപ്രായമില്ല. ഭരിക്കുന്നത് ബി.ജെ.പി. ആയാലും കോൺഗ്രസ്സ് ആയാലും മറ്റേതെങ്കിലും പാർട്ടി ആയാലും, ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും നിയമ വ്യവസ്ഥയും അവയുടെ തനിമയിൽ നിലനിൽക്കുന്നിടത്തോളം, സഭക്കു ഭരണകൂടങ്ങളിൽ വിശ്വാസമുണ്ട്.
സംസ്ഥാന സർക്കാരിന്റെ എല്ലാ നയങ്ങളിലും പരിപാടികളിലും മുഴുവൻ ക്രൈസ്തവരും സന്തുഷ്ടരാണെന്നോ, കേന്ദ്രസർക്കാർ ക്രിസ്ത്യാനികൾക്ക് പ്രത്യേകമായി എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നോ ഇതിനർത്ഥമില്ല. ഇന്ത്യയിൽ പലയിടങ്ങളിലും ക്രൈസ്തവർക്കു പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അത്തരം കാര്യങ്ങളിൽ സഭക്കു പ്രതിഷേധവും, ഉൽക്കണ്ഠയുമുണ്ട്. അത്തരം വിഷയങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളോടും നിയമ സംവിധാനങ്ങളോടും എല്ലാ വിഭാഗം ജനങ്ങളോടും ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിക്കുകയും, പൊതു വിഷയങ്ങൾ ദേശീയതലത്തിൽ പഠനവിധേയമാക്കുകയും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും നിയമപരമായ മാർഗങ്ങളിലൂടെ പരിഹാരം തേടുകയും ചെയ്യുക എന്നതാണ് സഭയുടെ രീതി. ഇതിനുള്ള സംവിധാനങ്ങൾ സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും സഭക്കുണ്ട്.
എല്ലാ വിഭാഗം ജനങ്ങളുമായി സഹകരണത്തിൽ ജീവിക്കുകയും, നിയമപരമായ എല്ലാ സംവിധാനങ്ങളെയും മാനിക്കുകയും, രാഷ്ട്രീയ ഭേതമന്യേ ഭരിക്കുന്ന സർക്കാരുകളുമായി കഴിയുന്നത്ര സൗഹാർദ്ദത്തിൽ കഴിയുകയും ചെയ്യുക എന്നതാണ് കത്തോലിക്കാ സഭയും ക്രിസ്തീയ സഭകൾ പൊതുവെയും പുലർത്തുന്ന സമീപനം.
സമാധാനപരമായ രീതിയിൽ ഏതു സർക്കാരിനോടും പ്രതിഷേധിക്കുകയും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കുവേണ്ടി നിയമപോരാട്ടം ആവശ്യമുള്ളപ്പോൾ, അതു നടത്തുകയും ചെയ്യും. സർക്കാരുകളോ നീതിപീഠമോ ക്രൈസ്തവർക്കു പ്രത്യേകമായി നീതി നിഷേധിക്കുന്നു എന്ന അഭിപ്രായമില്ല.
ക്രൈസ്തവ സഭകളോ കത്തോലിക്കാ സഭയോ ഏതെങ്കിലും മെത്രാന്മാരോ ഇക്കാര്യത്തിൽ പുതുതായി ഒരു നിലപാടു പ്രഖ്യാപിച്ചതായി കാണുന്നില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, അവർക്ക് സഭയേയും ക്രൈസ്തവ സമുദായത്തെയും സംബന്ധിച്ച് കാര്യമായ തെറ്റിദ്ധാരണ ഉണ്ടായിരുന്നിരിക്കണം. അതു തിരുത്താനാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും വ്യക്തികളും ശ്രമിക്കേണ്ടത്.
സഭയിലുള്ള വിശ്വാസികൾക്കു രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാടുകളും തീരുമാനവുമാണുള്ളത്. അതിൽ സഭയുടെ ഔദ്യോഗിക സംവിധാനങ്ങളോ നേതാക്കളോ ഇടപെടാറില്ല. എന്നാൽ സഭയിലെ ഉത്തരവാദപ്പെട്ടവർക്കു പൊതു വിഷയങ്ങളിൽ നിലപാടുകളും കാഴ്ചപ്പാടുകളും വിശദീകരിക്കേണ്ടി വരാം. അതു സഭാ ജീവിതത്തിന്റെ കെട്ടുറപ്പിന് അനിവാര്യമാണ് എന്നാണ് ഫാ. വർഗീസ് വള്ളിക്കാട്ട് തന്റെ പേജിൽ കുറിക്കുന്നത്.
ഇടത് വലത് മുഖപത്രമുൻ പേജുകളിൽ ആശങ്കകൾ നിറയുകയാണ്. ഒരു മെത്രാൻ പറഞ്ഞാൽ കുഞ്ഞാടുകൾ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുവെന്ന് പറയുകയും എന്നാൽ അതേ സമയം അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളിൽ വിറളി പിടിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും ? മെത്രാൻമാർ പറയുന്നതിന് വിശ്വാസികൾ പുല്ല് വില പോലും നൽകില്ലെങ്കിൽ എന്തിനാണ് ഇത്ര ഭയപ്പാട്? എന്ന ചോദ്യമാണ് ഫാ. ജോൺസൺ പലപ്പള്ളി സി.എം.ഐ. ഉന്നയിക്കുന്നത്.
ആർക്കാണ് ഉൽക്കണ്ഠ - എന്തിനാണിത്ര വേവലാതി?
മലയോര പ്രദേശങ്ങളിലെ ജനങ്ങളെ വന്യജീവികൾ കൊന്നൊടുക്കുമ്പോഴും, കേരളത്തിലെ കർഷകർ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമ്പോഴും, മത്സ്യബന്ധനം ഉപജീവന മാർഗമാക്കിയ തീരദേശജനത വൻകിട അധിനിവേശവും കാലാവസ്ഥാ വ്യതിയാനവും മൂലം പട്ടിണികിടക്കുമ്പോഴും, ചെറുകിട വ്യവസായികളുടെയും ചായക്കടക്കാരുടെയും വയറ്റത്തടിക്കാൻ വൻകിടക്കാർ മുന്നേറുമ്പോഴും, തീവ്രവാദ ബന്ധങ്ങളും പ്രവർത്തനങ്ങളും കേരളത്തിൽ വളരുമ്പോഴും, തൊഴിൽ ലഭിക്കാതെ വിദ്യാസമ്പന്നരായ യുവാക്കൾ അന്യദേശത്തേയ്ക്ക് പലായനം ചെയ്യുമ്പോഴും, സ്വർണ്ണവും മയക്ക് മരുന്നുകളും കടത്തി ചിലരൊക്കെ സമ്പന്നരാകുമ്പോഴും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ നിന്ന് ക്രൈസ്തവ നാമധാരികളെ വെട്ടിമാറ്റുമ്പോഴും, ആരും കാണിക്കാത്ത വലിയ ഉൽക്കണ്ഠകളും ആകുലതകളും ശ്വാസംമുട്ടലുമാണ് ചില യാഥാർഥ്യങ്ങൾ മെത്രാന്മാർ വിളിച്ച് പറഞ്ഞപ്പോൾ ചിലർ ഇവിടെ കാട്ടിക്കൂട്ടുന്നത്. ഇവ അനാവശ്യ വിവാദങ്ങളാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രലിൽ പോയി പ്രാർത്ഥിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ മിടുക്ക്... ഗോൾഡാഖാനാ കത്തീഡ്രൽ പള്ളിയുടെ വാതിലുകൾ എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുന്നതാണ്. ആർക്കും പോകാം. തെരെഞ്ഞെടുപ്പ് സമയത്ത് അരമനകൾ കയറുന്ന നേതാക്കന്മാർ ക്രൈസ്തവരുടെ വിശേഷ ദിവസങ്ങളിൽ അല്ലെങ്കിൽ അവർക്ക് ചില പ്രതിസന്ധികളുള്ളപ്പോൾ അവരെപ്പോയി കണ്ടാൽ ആകാശമിടിഞ്ഞ് വീഴുമോ? കർദ്ദിനാൾ ആലഞ്ചേരി പിതാവും മാർ ജോസഫ് പാംപ്ലാനി പിതാവും പറഞ്ഞത് കുറെ ഏറെ വിശ്വാസികളുടെ ആശങ്കകളും അഭിപ്രായങ്ങളുമാണ്. അവരെ കുരിശിൽ തറയ്ക്കുന്നതിന് മുമ്പ് ഇടത്തോട്ടും വലത്തോട്ടും നോക്കി ഒരു സ്വയം വിമർശനം നടത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെയുള്ളു. എന്ന് പറഞ്ഞ് വെക്കുകയാണ് തന്റെ ഫേസ്ബുക് പേജിലൂടെ സിന്യൂസ് ലൈവ് ചീഫ് എഡിറ്ററായ ജോ കാവാലം ചെയ്യുന്നത്.
ഇടതിനും വലതിനും പതിറ്റാണ്ടുകൾ മാറി മാറി വോട്ടു ചെയ്തിട്ടും അരമനകളിൽ സ്വീകരണം നൽകിയിട്ടും അവകാശപ്പെട്ടതുപോലും നൽകുവാനോ സംരക്ഷിക്കേണ്ട സന്ദർഭങ്ങളിൽ ഒരു ആശ്വാസവാക്ക് പറയാനോ ഇന്ന് സട കുടഞ്ഞെണീറ്റു കുറ്റം പറയുന്ന ഒരുവൻ പോലും ഇല്ലായിരുന്നു എന്നു മാത്രമല്ല സത്യം വിളിച്ചു പറഞ്ഞ മെത്രാന്മാരെ പഞ്ഞിക്കിടാൻ നേതാക്കളും അനുയായികളും വെമ്പൽ കൊള്ളുകയായിരുന്നു. ആ സത്യം ആരും മറക്കേണ്ട എന്നാണ് ശ്രീ ജോർജ് മീനത്തേകോനിൽ കുറിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.