ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി; പുറത്തെടുത്തത് എട്ടുമാസത്തിനുശേഷം, ഡോക്ടറുടെ പേരിൽ കേസ്‌

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി; പുറത്തെടുത്തത് എട്ടുമാസത്തിനുശേഷം, ഡോക്ടറുടെ പേരിൽ കേസ്‌

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങയതായി പരാതി. നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിലാണ് യുവതിയുടെ ഗർഭപാത്രത്തിൽ തുണി കുടുങ്ങിയത്. എട്ടുമാസത്തോളം നീണ്ട ആരോഗ്യ പ്രശ്‌നത്തെ തുടർന്നാണ് ഗർഭപാത്രത്തിൽ തുണി കുടുങ്ങിയ കാര്യം യുവതിയും കുടുംബവും അറിയുന്നത്.

കഴിഞ്ഞ വർഷം ജൂലയ് 26നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേർക്കുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയതോടെ ഇവർക്ക് സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. രോഗം സ്ഥിരമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ തന്നെ കാണിച്ചു. എന്നാൽ ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകുമെന്നുമായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗർഭ പാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് യുവതിയെ ഡിസ്ചാർജ് ചെയ്തത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.