ന്യൂഡല്‍ഹി: റഷ്യയുടെ ഉക്രെയ്ന്‍ അധിനവേശത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ കത്ത്. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഉള്‍പ്പെടെ കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി കത്തില്‍ അഭ്യര്‍ഥിച്ചു.
നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഉക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി.
ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് അവിടെ നിന്നുള്ള ഒരു മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഉക്രെയ്‌ന് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി മീനാക്ഷി ലേഖി ട്വിറ്ററില്‍ കുറിച്ചു.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളുടെ സഹായവും ഉക്രെയ്ന്‍ തേടിയിട്ടുണ്ട്.
ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കി ആഗ്രഹിക്കുന്നുവെന്ന് ജപറോവ പറഞ്ഞു. 'ആഗോള നേതാവെന്ന നിലയിലും ജി 20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീവ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയെ ആശ്രയിക്കുന്നതില്‍ ജാഗ്രത വേണമെന്നും ജപറോവ മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അടുത്തിടെ വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്.
പ്രധാനമന്ത്രി മോഡി കീവ് സന്ദര്‍ശിക്കണമെന്ന ആവശ്യവും ജപറോവ ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ സെലന്‍സ്‌കി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ പ്രത്യക്ഷത്തില്‍ ഉക്രെയ്‌ന്റെ പക്ഷം ചേര്‍ന്നുള്ള പ്രസ്താവനകള്‍ നടത്തയിട്ടില്ല.
യുദ്ധത്തില്‍ 461 കുട്ടികള്‍ ഉള്‍പ്പെടെ 9,655 സാധാരണക്കാര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടു ദശലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 135 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. ഡൊണെറ്റ്‌സ്‌ക്, ഖാര്‍കിവ്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.